സ്പീക്കർ ടി പത്മനാഭനെ സന്ദർശിച്ചു
നിയമസഭാ സ്പീക്കറായി ചുമതലയേറ്റ എ എൻ ഷംസീർ പ്രമുഖ ചെറുകഥാകൃത്ത് ടി പത്മനാഭനെ വസതിയിലെത്തി സന്ദർശിച്ചു. രാവിലെ പത്തരയോടെ ടി. പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിലെത്തിയ ഷംസീർ സ്പീക്കർ എന്ന് മുദ്രണം ചെയ്ത പേന അദ്ദേഹത്തിന് സമ്മാനിച്ചു. പത്മനാഭന്റെ കഥകളെക്കുറിച്ചും കഥാസന്ദർഭങ്ങളെകുറിച്ചുമുള്ള ഓർമ്മകൾ ഷംസീർ പങ്കുവച്ചു. കഥാപാത്രം എഴുത്തുകാരന് ഓണക്കോടി സമ്മാനിച്ചതിന്റെ വിശേഷമായിരുന്നു പത്മനാഭന് പറയാനുണ്ടായിരുന്നത്. 'നോ പ്രോബ്ലം' എന്ന കഥയിലെ ജീവിച്ചിരിക്കുന്ന കഥാപാത്രമായ വിശ്വം തന്റെ സുഹൃത്ത് വഴി ഇക്കുറി പ്രിയപ്പെട്ട എഴുത്തുകാരന് ഖാദിയുടെ മേൽത്തരം കുപ്പായത്തുണിയും ഡബിൾ മുണ്ടും സമ്മാനിച്ചിരുന്നു. ആദ്യമായാണ് ഒരു കഥാപാത്രം അതിന്റെ സൃഷ്ടാവിന് ഓണക്കോടി സമ്മാനമായി നൽകുന്നതെന്നായിരുന്നു പത്മനാഭന്റെ വിശേഷണം. യാത്രകളുടെയും താൻ വായിച്ച കഥകളുടെയും അനുഭവങ്ങൾ സ്പീക്കർ പങ്കുവച്ചു. ഒടുവിൽ തന്റെ പുതിയ പുസ്തകമായ 'പത്മനാഭന്റെ കുട്ടികൾ' എന്ന സമാഹാരത്തിൽ കയ്യൊപ്പിട്ട് നൽകി പത്മനാഭൻ സ്പീക്കറെ യാത്രയാക്കി. കെ വി സുമേഷ് എംഎൽഎ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ചിറയ്ക്കൽ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് പി പ്രശാന്തൻ എന്നിവരും സംബന്ധിച്ചു.
- Log in to post comments