ഓണാഘോഷ പാക്കേജുകൾ വിജയം; നെഫർറ്റിറ്റി, വള്ളസദ്യ യാത്രയുമായി കെഎസ്ആർടിസി വീണ്ടും
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് കണ്ണൂർ കെഎസ്ആർടിസി നടത്തിയ ടൂർ പാക്കേജുകൾ വിജയകരമായതിനാൽ നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രയും ആറന്മുള വള്ള സദ്യക്കും വീണ്ടും അവസരമൊരുക്കും. നെഫർറ്റിറ്റി യാത്ര സെപ്റ്റംബർ 23ന് രാവിലെ 5.30നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് 24ന് രാവിലെ അഞ്ച് മണിക്ക് തിരിച്ചെത്തും. ഡിജെ ഉൾപ്പടെ അഞ്ചു മണിക്കൂർ നെഫർറ്റിറ്റി ആഡംബര കപ്പൽയാത്രയും വിഭവസമൃദ്ധമായ അത്താഴ വിരുന്നും യാത്രികർക്ക് ആസ്വദിക്കാം. മുതിർന്നവർക്ക് 3,850 രൂപയും 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് 2,150 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ആറന്മുള വള്ളസദ്യ: ഒക്ടോബർ ഒന്നിന് പുറപ്പെട്ട് മധ്യതിരുവിതാംകൂറിലെ പാണ്ഡവക്ഷേത്രങ്ങളിലെ ദർശനം നടത്തും. ഒക്ടോബർ രണ്ടിന് ആറന്മുള വള്ളസദ്യ കഴിച്ച് മൂന്നിന് കണ്ണൂരിൽ തിരിച്ചെത്തും.
വാഗമൺ-കുമരകം: സെപ്റ്റംബർ 23ന് രാത്രി ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് സെപ്റ്റംബർ 26ന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതീയിലാണ് വാഗമൺ-കുമരകം ട്രിപ്പ്. ഓഫ് റോഡ് ജീപ്പ് സഫാരി, സൈറ്റ് സീയിംഗ്, ക്യാംപ് ഫയർ എന്നിവയുണ്ടാകും. രണ്ടാം ദിനം കുമരകത്ത് ഹൗസ് ബോട്ടിൽ അഞ്ച് മണിക്കൂർ യാത്രയും വിനോദ പരിപാടികളും. ഭക്ഷണം, താമസം ഉൾപ്പെടെ 3900 രൂപയാണ് ചാർജ്. ഇതിനുപുറമേ വാരാന്ത്യങ്ങളിൽ വയനാട് പൈതൽമല ഏകദിന യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. ബുക്കിംഗിന് ഫോൺ : 9496131288, 8089463675
- Log in to post comments