റേഷന്‍കടകളില്‍ എ.ടി.എം. സംവിധാനം : മന്ത്രി പി.തിലോത്തമന്‍
സംസ്ഥാനത്തെ റേഷന്‍കടകളെ എ.ടി.എം. കൗണ്ടറുകള്‍ മുതലായ ആധുനിക സൗകര്യങ്ങളോടെ മിനി ബാങ്കുകളാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഭക്ഷ്യ വിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പൊതു വിതരണ വകുപ്പിനായി സര്‍ക്കാര്‍ ഓരോ വര്‍ഷവും 200 കോടി രൂപചെലവഴിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അന്നമനട പൂവത്തുശ്ശേരിയില്‍ ആരംഭിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി പി.തിലോത്തമന്‍.സപ്ലൈകോയ്ക്ക് 4500 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുണ്ടെന്നും കര്‍ശന പരിശോധനകള്‍ക്ക് വിധേയമായി ഉല്പാദിപ്പിക്കുന്ന 18 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയാണ് സപ്ലൈകോ വര്‍ഷത്തില്‍ പൊതു വിപണിയിലെത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അഡ്വ. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. അന്നമനട ഗ്രാപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ മിനിത ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ബേബി പൗലോസ്, ഗ്രാമപഞ്ചായത്ത് അംഗം പി.കെ. ഉഷ എന്നിവര്‍ പങ്കെടുത്തു. സപ്ലൈകോ പാലക്കാട് റീജ്യണല്‍ മാനേജര്‍ ദാക്ഷായണിക്കുട്ടി സ്വാഗതവും സപ്ലൈകോ ചാലക്കുടി ഡിപ്പോ മാനേജര്‍ പി.ജെ പ്രസാദ് നന്ദിയും പറഞ്ഞു.
- Log in to post comments