പിഎം കിസാന്‍ പദ്ധതിയിലെ ഗുണഭോക്താക്കള്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കണം
ജില്ലയിലെ പി.എം കിസാന്‍ പദ്ധതിയിലെ ഗുണഭോക്താക്കള്‍ സെപ്തംബര്‍ 30നകം പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. സമയപരിധിക്കുള്ളില്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്ന് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല. കൃഷി ഭൂമി സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കര്‍ഷകര്‍ എയിംസ് www.aims.kerala.gov.in പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് സ്വന്തം പേരിലുള്ള കൃഷിഭൂമിയുടെ വിവരങ്ങള്‍ ചേര്‍ത്ത് ReLIS പരിശോധന പൂര്‍ത്തിയാക്കി അപേക്ഷ ഓണ്‍ലൈനായി കൃഷിഭവനിലേക്ക് സമര്‍പ്പിക്കണം. ഗുണഭോക്താക്കള്‍ക്ക് അക്ഷയ /ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ വഴിയോ സമീപത്തുള്ള കൃഷിഭവന്‍ വഴിയോ അല്ലെങ്കില്‍ സ്വന്തമായോ മേല്‍പ്പറഞ്ഞ അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കാം. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ നിലവില്‍ റവന്യൂ വകുപ്പിന്റെ റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോര്‍ട്ടലില്‍( ReLIS) ചേര്‍ത്തിട്ടില്ലാത്ത കര്‍ഷകര്‍ അവ ഉള്‍പ്പെടുത്തുന്നതിനായി വില്ലേജ് ഓഫീസുമായി ബന്ധപ്പെടണം.
പിഎം കിസാന്‍ പദ്ധതി ഗുണഭോക്താക്കള്‍ ഇ-കെ.വൈ.സി (e-KYC) പൂര്‍ത്തീകരിക്കുന്നതിനായി www.pmkisan.gov.in പോര്‍ട്ടലില്‍ ഫാര്‍മേഴ്സ് കോര്‍ണര്‍ മെനുവില്‍ ഇ-കെ.വൈ.സി ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്തണം. കര്‍ഷകരുടെ ആധാര്‍ നമ്പറില്‍ ലഭ്യമായിട്ടുള്ള മൊബൈല്‍ നമ്പറില്‍ ലഭ്യമാകുന്ന ഒ.ടി.പി. നല്‍കി ഇ-കെ.വൈ.സി നടപടികള്‍ പൂര്‍ത്തിയാക്കാം. കര്‍ഷകര്‍ക്ക് നേരിട്ട് പി.എം കിസാന്‍ പോര്‍ട്ടല്‍ വഴിയോ, അക്ഷയ/ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍/സമീപത്തുള്ള കൃഷിഭവന്‍ വഴിയോ ഇ-കെ.വൈ.സി പൂര്‍ത്തീകരിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാര്‍ഷിക വിവര സങ്കേതം ടോള്‍ഫ്രീ നമ്പര്‍ 1800-425-1661, പിഎം കിസാന്‍ സംസ്ഥാന ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ 0471-2964022, 2304022 എന്നിവയുമായോ സമീപത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടാം.
- Log in to post comments