Skip to main content

ജില്ലാതല സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷം  സെപ്റ്റംബര്‍ 25 ന്

സമസ്തമേഖലയിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങള്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി കൈറ്റും ഡി.എ.കെ.എഫും സംയുക്തമായി സെപ്റ്റംബര്‍ 25 ന് ജില്ലാതല സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു. സുല്‍ത്താന്‍പേട്ടയിലുള്ള കൈറ്റ് ജില്ലാ ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിപാടി. സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ രാവിലെ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. തുടര്‍ന്ന് ജില്ലയില്‍ ജ്യാമിതീയ രൂപങ്ങള്‍ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകള്‍ നിരീക്ഷിക്കുന്നതിനുമുളള ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറായ ജിയോ ജിബ്ര എന്ന വിഷയത്തെക്കുറിച്ച് പരിശീലനം സംഘടിപ്പിക്കും.
ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ പൊതുജനങ്ങള്‍ക്കായി ഓപണ്‍ സെഷനുകളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്ന ഇന്‍സ്റ്റാള്‍ ഫെസ്റ്റും സംഘടിപ്പിക്കും. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിന പോര്‍ട്ടലായ www.kite.kerala.gov.in/SFDay2022 മുഖേന ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 70 പേര്‍ക്ക് ജില്ലയില്‍ സൗജന്യമായി പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരവും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. 14 ജില്ലകളില്‍ വിവിധ വിഷയങ്ങളെക്കു റിച്ച് നടത്തുന്ന പരിശീലന പരിപാടികളും പോര്‍ട്ടലില്‍ തത്സമയം ലൈവായി നല്‍കും.
പരിപാടിയില്‍ പാലക്കാട് ഐ.ഐ.ടി. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. ദീപക് രാജേന്ദ്ര പ്രസാദ്, പുലാപറ്റ  എം.എന്‍.കെ.എം.ജി.എച്ച്.എസിലെ എച്ച്.എച്ച്.എസ്.ടി. റിസോഴ്‌സ്‌പേഴ്‌സണ്‍ ആര്‍. രാമാനുജം എന്നിവര്‍ മുഖ്യാതിഥികളാവും. കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ അജിതാ വിശ്വനാഥ്, ഡി.എ.കെ.എഫ്. പാലക്കാട് ജില്ലാ സെക്രട്ടറി ഡോ. റിച്ചാര്‍ഡ് സ്‌കറിയ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. ഫോണ്‍: 0491 2520085, 9447839107.

date