മലപ്പുറം മതനിരപേക്ഷതയുടെ ആവാസ ഭൂമി - മന്ത്രി ജി. സുധാകരന്
മലപ്പുറം മത നിരപേക്ഷതയുടെ ആവാസ ഭൂമിയാണെന്ന് മന്ത്രി ജി സുധാകരന്.
മഞ്ചേരി ചെരണിയില്‍ നിര്‍മ്മിച്ച വിശ്രമ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുഷ്ട ശക്തികള്‍ക്ക് വഴങ്ങാത്ത ജില്ലയാണ് മലപ്പുറം. മറ്റുളളവരെ അക്രമിക്കാന്‍ ആയുധമെടുക്കുന്നവരും പിറന്നത് സമാധാനം കാംക്ഷിക്കുന്ന അമ്മയുടെ ഉദരത്തിലാണ്. വര്‍ഗ്ഗീയതയ്ക്ക് വഴങ്ങാത്ത ജില്ലയാണ് മലപ്പുറം. ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ മലപ്പുറം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. റസ്റ്റ് ഹൗസ് ജീവനക്കാര്‍ ആഥിതേയ മര്യാദ കാണിക്കണം. മികച്ച സര്‍ക്കാര്‍ വിശ്രമ മന്ദിരങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവാര്‍ഡ് നല്‍കും. സംസ്ഥാനത്ത് റസ്റ്റ് ഹൗസ് എന്നതിന് പകരം മഞ്ചേരിയുടെ മാതൃക സ്വീകരിച്ച് 'വിശ്രമ മന്ദിരം' എന്ന് പേര് നല്‍കും. പൊതുമരാമത്ത് വകുപ്പിലെ മോശം പ്രവണതകള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ച് വരികയാണ്. സംസ്ഥാനത്തെ വിശ്രമ മന്ദിരങ്ങള്‍ പലതും കുത്തഴിഞ്ഞ നിലയിലാണ്. ഇത് മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നു കോടി രൂപ ചെലവിട്ടാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
രണ്ടു നിലകളുള്ള കെട്ടിടത്തില്‍ ആറ് മുറികളുണ്ട്. ഇതില്‍ മൂന്ന് മൂറികള് വിഐപികള്‍ക്ക് വേണ്ടിയാണ് ഒരുക്കിയത്. അടുക്കള, സമ്മേളന ഹാള്‍, ഓഫീസ്, സ്റ്റോര്‍ മുറി എന്നിവയും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.
നിലവിലുണ്ടായിരുന്ന റസ്റ്റ് ഹൗസ് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് താമസ സ്ഥലമാക്കി മാറ്റിയതോടെ സര്‍ക്കാര്‍ തലത്തിലുള്ള ടി. ബി സംവിധാനം ഇല്ലാതായിരുന്നു. പുതിയ വിശ്രമ മന്ദിരം ജില്ലയുടെ സിരാകേന്ദ്രമായ മഞ്ചേരിയിലെത്തുന്നവര്ക്ക് ഏറെ പ്രയോജനപ്പെടും.
ചടങ്ങില്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മഞ്ചേരി നഗരസഭാ അദ്ധ്യക്ഷ വി.എം സുബൈദ, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം കോയ മാസ്റ്റര്‍, മഞ്ചേരി നഗരസഭാ വൈസ് ചെയര്മാന് പി.പി ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വല്ലാഞ്ചിറ മുഹമ്മദലി, പി.ഡബ്യു.ഡി ചീഫ് എഞ്ചിനീയര്‍ ഹൈദ്രു ഇ.കെ, പി.ഡബ്യു.ഡി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ദിലീപ് ലാല്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എം. മുഹമ്മദ് അന്‍വര്‍, അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഷിനി. എം ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments