മത്സ്യവിത്തുത്പാദനത്തില്‍ സ്വയം പര്യാപ്തത കണ്ടെത്തണം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
ജലകൃഷി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
കൊച്ചി: മത്സ്യവിത്തുത്പാദനത്തില്‍ സ്വയം പര്യാപ്തത കണ്ടെത്തണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. അഡാക്കിന്റെ കീഴില്‍ ഞാറയ്ക്കല്‍ ഫിഷ് ഫാമില്‍ സ്ഥാപിച്ചിട്ടുള്ള ജലകൃഷി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നാടിന്റെ വളര്‍ച്ചയ്ക്ക് സാമ്പത്തിക ഉല്‍പാദനം ഒരു അനിവാര്യ ഘടകമാണ്. ഇതിന് കാര്‍ഷിക കടല്‍ , ഉള്‍നാടന്‍ മത്സ്യബന്ധന മേഖലകളിലെ വികസനം അത്യന്താപേക്ഷിതമാണ്. ഉള്‍നാടന്‍ മത്സ്യകൃഷിയുടെ വികസനത്തിന് ഗുണനിലവാരമുള്ള വിത്തില്ല എന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. വിത്തുല്‍പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താന്‍ നമുക്ക് സാധിക്കണം. ചെമ്മീന്‍, മത്സ്യ കൃഷികള്‍ വര്‍ദ്ധിപ്പിക്കാന്‍ പൊക്കാളി കൃഷിക്ക് സാധിക്കും. പൊക്കാളി കൃഷി വ്യാപിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകള്‍ സ്വീകരിക്കണം. തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി തൊഴില്‍ ബാങ്ക് ഉണ്ടാക്കി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണം.
ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തണം. എങ്കില്‍ മാത്രമേ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കൂ. ആവശ്യത്തിന് വളര്‍ച്ചയില്ലാത്ത മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. ഇതിന് പ്രാദേശിക ഭരണസമിതികള്‍ ജനകീയമായി ഇടപെടണമെന്നും അവര്‍ പറഞ്ഞു.
നെല്‍ കൃഷിയും മത്സ്യകൃഷിയും സംയോജിപ്പിച്ച രീതി പിന്തുടരണം. ഉള്‍നാടന്‍ മത്സ്യ ഉല്‍പാദനം ലക്ഷ്യമാക്കി കര്‍ഷകര്‍ക്ക് നൂതന മത്സ്യകൃഷി രീതികളില്‍ പരിശീലനം നല്‍കുന്നതിനും കൃഷി രീതികള്‍ നേരില്‍ പരിചയപ്പെടുത്തുന്നതിനും ജലകൃഷി പരിശീലന കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നു. ഇത് കേരളത്തിലെ ഉള്‍നാടന്‍ മത്സ്യകൃഷിക്ക് ഒരു ഉത്തമ ഉദാഹരണമായി മാറണമെന്നും മന്ത്രി പറഞ്ഞു.
ഞാറയ്ക്കല്‍ ഫിഷ് ഫാമില്‍ 0.6, 0.75 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള കുളങ്ങളില്‍ പൂ മീനും കരിമീനും കൃഷി ചെയ്യുന്നുണ്ട്. ഈ കുളത്തില്‍ നിന്നും 3107 .4 കിലോ പൂമീനും 41.4 കിലോ കരിമീനും 1800 കരിമീന്‍ വിത്തും വിളവെടുത്തിട്ടുണ്ട്. ജലകൃഷി പരിശീലന കേന്ദ്രത്തില്‍ 50 പേര്‍ക്ക് പരിശീലനം നല്‍കുവാന്‍ കഴിയും . ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് പരിശീലന സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പരിശീലന സെന്ററിലൂടെ മത്സ്യകര്‍ഷകര്‍ക്കും ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും മത്സ്യ കൃഷി നേരിട്ട് കണ്ട് മനസ്സിലാക്കുവാന്‍ സാധിക്കും. പുതിയ സാങ്കേതിക വിദ്യകളും കൃഷി രീതികളും നേരില്‍ കണ്ട് മനസ്സിലാക്കുന്നതിനുമുള്ള അവസരമാണ് അഡാക്ക് ഒരുക്കുന്നത്.
വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ. ജോഷി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡാക്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എം. ലതി, ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ. അനില്‍കുമാര്‍ , കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ഫിഷറീസ് റിട്ട. ഡീന്‍ ഡോ. കെ.എസ്. പുരുഷന്‍ , ഞാറയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷില്‍ഡാ റിബേരൊ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുജാത ചന്ദ്ര ബോസ് , മദ്ധ്യമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എ. രമാ ദേവി , എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments