വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം
കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ക്യാമ്പ് പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും ഭക്ഷണവും കുടിവെള്ളവും മലിനമാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം. ഭക്ഷണസാധനങ്ങള്‍ അടച്ചു സൂക്ഷിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പും പാചകം ചെയ്യുന്നതിനു മുമ്പും കൈകള്‍ നന്നായി കഴുകണം. കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് പോകുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ക്ലോറിനേഷന് നടത്തിയശേഷം മാത്രമേ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളൂ. പൊതുസ്ഥലത്ത് തുപ്പുന്നത് രോഗങ്ങള്‍ക്ക് ഇടയാക്കും. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും സുരക്ഷിതമായി മറവ് ചെയ്യണം. ക്യാമ്പ് സന്ദര്‍ശിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ശരീരത്തില്‍ മുറിവുമായി വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നത് എലിപ്പനിക്ക് കാരണമാകും. രോഗബാധ സംശയിക്കുന്നുണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം.
(പിഎന്‍പി 2047/18)
- Log in to post comments