Skip to main content

ജില്ലയില്‍ 438 കോടി രൂപയുടെ നാശനഷ്ടം

 

മഴക്കെടുതി മൂലം ജില്ലയില്‍ ഇതുവരെ 438,92,75,250 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പ്രാഥമികമായി ശേഖരിച്ച കണക്കാണിത്. വിശദമായ കണക്ക് തിട്ടപ്പെടുത്തി നല്‍കുന്നതിന് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയതായും കളക്ടര്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ ലഭ്യമാക്കിയിട്ടുള്ള നാശനഷ്ടത്തിന്റെ പ്രാഥമിക വിവരം: മൃഗസംരക്ഷണ വകുപ്പ്-84,14,550 രൂപ. കെഎസ്ഇബി-2,3000000 രൂപ. കൃഷി വകുപ്പ്- 1387.75 ഹെക്ടറില്‍ കൃഷി നാശം മൂലം 36,65,00,000 രൂപ. വീടുകള്‍ തകര്‍ന്നതുമൂലമുള്ള നഷ്ടം: 2,13,60,700 രൂപ. ജലസേചന വകുപ്പിനുണ്ടായ നഷ്ടം: 2,50,00,000 രൂപ. പൊതുമരാമത്ത് നിരത്തു വിഭാഗം-395,00,00,000 രൂപ. മഴക്കെടുതി മൂലം തിരുവല്ല, കോഴഞ്ചേരി, റാന്നി, കോന്നി, അടൂര്‍, മല്ലപ്പള്ളി താലൂക്കുകളിലാണ് നാശനഷ്ടം സംഭവിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും നിയന്ത്രണത്തിലുള്ള റോഡുകള്‍ തകരുകയും സഞ്ചാരയോഗ്യമല്ലാതാകുകയും ചെയ്തു. ജില്ലയിലെ 844 കിലോമീറ്റര്‍ റോഡ് തകരുകയും 23 പാലങ്ങള്‍ക്ക് അറ്റകുറ്റപ്പണി ആവശ്യമായി വരുകയും ചെയ്തിട്ടുണ്ട്. വ്യാപകമായ കൃഷിനാശവും വൈദ്യുതി വിതരണ സംവിധാനങ്ങള്‍ തകരാറിലാകുകയും ചെയ്തു. വെള്ളപ്പൊക്ക കെടുതി മൂലം ജില്ലയില്‍ 106 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരുന്നു.  2331 കുടുംബങ്ങളിലെ 8788 പേരെ മാറ്റിപാര്‍പ്പിച്ചു. മൂന്നു വീടുകള്‍ പൂര്‍ണമായും 387 വീടുകള്‍ ഭാഗികമായും തകര്‍ന്നു.  നിലവില്‍ 70 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

430 ഹെക്ടറിലെ ഏത്തവാഴ കൃഷി നശിച്ചതുമൂലം 32.25 കോടി രൂപയുടെ നഷ്ടം ഉണ്ടായി. 80 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ചതുമൂലം 0.40 കോടി രൂപയുടെ നഷ്ടം ഉണ്ടായി. 850 ഹെക്ടറിലെ വിവിധ ഇനം വിളകള്‍ നശിച്ചതുമൂലം 3.825 കോടി രൂപയുടെ നഷ്ടം ഉണ്ടായി. 1.5 ഹെക്ടറിലെ റബര്‍ കൃഷി നശിച്ചതു മൂലം 0.0275 കോടി രൂപയുടെ നഷ്ടം ഉണ്ടായി. 1.25 ഹെക്ടറിലെ തെങ്ങ് നശിച്ചതു മൂലം 0.020 കോടി രൂപയുടെ നഷ്ടം ഉണ്ടായി. 25 ഹെക്ടറിലെ നെല്ല് നശിച്ചതു മൂലം 0.0125 കോടി രൂപയുടെ നഷ്ടം ഉണ്ടായി. 

മഴക്കെടുതിയില്‍ ഇതുവരെ എട്ടു പേര്‍ മരിച്ചു. കോഴഞ്ചേരി, കോന്നി താലൂക്കുകളില്‍ വെള്ളത്തില്‍ വീണ രണ്ടു പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അടൂര്‍ താലൂക്കില്‍ പന്തളം വില്ലേജിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഒരാള്‍ മരിച്ചു. വെള്ളമിറങ്ങാത്തതിനാല്‍ സംസ്‌കാരം ഇതുവരെ നടത്തിയിട്ടില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മഴക്കെടുതി മൂലം കെഎസ്ഇബിയുടെ ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും നാശം സംഭവിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം തയാറാക്കുന്നതിനുള്ള സാധനങ്ങള്‍ പൊതുവിതരണ വകുപ്പും ഹോര്‍ട്ടികോര്‍പ്പും ലഭ്യമാക്കി. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വ്യാപകമായി ജീവഹാനി സംഭവിച്ചിട്ടുണ്ട്. തൊഴുത്തുകള്‍ക്കും നാശം സംഭവിച്ചു. 11 പശുക്കളും(5,68,000 രൂപ) ആറ് ആടുകളും(54,000 രൂപ) 550 താറാവുകളും(50,000 രൂപ) ചത്തു. 62 ഹെക്ടറിലെ തീറ്റപ്പുല്ല് നശിച്ചതുമൂലം 33,79,000 രൂപയുടെ നഷ്ടം ഉണ്ടായി. 350 കിലോഗ്രാം കച്ചി നശിച്ചതു മൂലം 25,550 രൂപയുടെ നഷ്ടം ഉണ്ടായി. 1800 കിലോഗ്രാം കാലിത്തീറ്റ നശിച്ചതു മൂലം 2,20,000 രൂപയും 35 തൊഴുത്ത് നശിച്ചതു മൂലം 9,43,000 രൂപയും 43 തൊഴുത്ത് ഭാഗികമായി നശിച്ചതു മൂലം 4,45,000 രൂപയും 1,08,000 ലിറ്റര്‍ പാല് നശിച്ചതു മൂലം 27,00,00 രൂപയും നഷ്ടം ഉണ്ടായി. മൃഗങ്ങളുടെ ചികിത്സയ്ക്കായി 30,000 രൂപ ചെലവുണ്ടായി. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ലഭ്യമാക്കി. കാലവര്‍ഷം തുടങ്ങിയ ശേഷം ഇതുവരെ 260 പേര്‍ക്ക് ഡെങ്കിപ്പനിയും 75 പേര്‍ക്ക് എലിപ്പനിയും 20 പേര്‍ക്ക് മലേറിയയും 21 പേര്‍ക്ക് മഞ്ഞപ്പിത്തവും 7430 പേര്‍ക്ക് വയറിളക്കവും 49,295 പേര്‍ക്ക് സാധാരണ പനിയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി മൂലം രണ്ടു പേരും എലിപ്പനി മൂലം അഞ്ചു പേരും മരിച്ചു. 

രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഫയര്‍ഫോഴ്‌സ് മികച്ച പ്രവര്‍ത്തനം നടത്തി. ജലാശയങ്ങളില്‍ വീണ രണ്ടു പേരെ രക്ഷപ്പെടുത്തുകയും രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. അടിയന്തിരസാഹചര്യങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരും മികച്ച പ്രവര്‍ത്തനം നടത്തി. ദുരിതാശ്വാസ ക്യാമ്പുകള്‍ അപാകതകള്‍ കൂടാതെ ഭംഗിയായി പ്രവര്‍ത്തിപ്പിക്കുന്നതിന് തഹസീല്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി. പൊതുവിതരണ വകുപ്പിലെയും ഹോര്‍ട്ടികോര്‍പ്പിലെയും ഉദ്യോഗസ്ഥരും ക്യാമ്പുകളുമായി ബന്ധപ്പെട്ട് മാതൃകാപരമായി പ്രവര്‍ത്തിച്ചു. ക്യാമ്പുകള്‍ ഭംഗിയായി നടത്തുന്നതിന് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തരും മതസ്ഥാപനങ്ങളും വലിയ പിന്തുണ നല്‍കി.          (പിഎന്‍പി 2053/18)

date