Skip to main content

എറണാകുളം അറിയിപ്പുകള്‍1

സെക്രട്ടറിയറ്റ് അസിസ്റ്റന്റ്/ബാങ്ക് പരീക്ഷാ പരിശീലനം

 

കൊച്ചി: എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുളള ഉദ്യോഗാര്‍ഥികളില്‍ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ക്ക് സൗജന്യ പരിശീലനം ആരംഭിക്കുന്നു. ഈ ജില്ലകളിലെ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി ബാങ്ക് പരീക്ഷാ പരിശീലനവും നല്കുന്നു. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ:പ്രീ.എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം.

പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 70 ശതമാനം സീറ്റും ഒരു ലക്ഷത്തില്‍ താഴെ വരുമാനമുളള പിന്നാക്ക സമുദായക്കാര്‍ക്ക് 30 ശതമാനം സീറ്റും അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിലവാരത്തിന്റെ  അടിസ്ഥാനത്തില്‍ 400 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. ഉദ്യോഗാര്‍ഥി ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ ആറ് മാസത്തിനകമുളള സര്‍ട്ടിഫിക്കറ്റ് (അസ്സല്‍/സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്) യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 28 നു മുമ്പായി രക്ഷിതാവിനോടൊപ്പം കൂടിക്കാഴ്ചയ്ക്ക് ഹാജരാണം. കൂടാതെ ജൂലൈയില്‍ ആരംഭിച്ച മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പ്ലസ് വണ്‍/പ്ലസ് ടു കോച്ചിംഗിന് സീറ്റൊഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 0484-2623304.

 

നൈറ്റ് വാച്ചര്‍ കരാര്‍ നിയമനം

കൊച്ചി:  2018-19 സാമ്പത്തിക വര്‍ഷത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ വകുപ്പുതല ഫാമുകളുടെ ശാക്തീകരണം പദ്ധതിയിലുള്‍പ്പെടുത്തി എറണാകുളം ജില്ലയിലെ കൂവപ്പടി പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍  കരാറടിസ്ഥാനത്തില്‍ നൈറ്റ് വാച്ചറെ നിയമിക്കല്‍ പദ്ധതി നടപ്പാക്കുന്നു.

 

ഈ പദ്ധതി പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ രാത്രി സമയങ്ങളില്‍ എറണാകുളം ജില്ലയിലെ കൂവപ്പടി പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നൈറ്റ് വാച്ചറായി സേവനം ചെയ്യുവാന്‍ താത്പര്യമുള്ളതും, കാവല്‍ ജോലിക്ക് അനുയോജ്യമായ ശാരീരിക ക്ഷമതയുള്ളതും, ഫാം ജോലികളോ കാവല്‍ ജോലികളോ രാത്രിസമയ ജോലികളോ ചെയ്ത് മുന്‍പരിചയമുള്ളതും, എറണാകുളം ജില്ലയില്‍ സ്ഥിരതാമസവും ഏഴാം ക്ലാസ് പാസ്സായിട്ടുള്ളതും 18 മുതല്‍ 36 വരെ വയസ്സ് പ്രായമുള്ളവരുമായ പുരുഷ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തി അനുയോജ്യനായ ഒരു ഉദ്യോഗാര്‍ത്ഥിയെ തെരഞ്ഞെടുത്ത് 16,500 രൂപ, പ്രതിമാസ വേതനനിരക്കില്‍ 179 ദിവസത്തേക്ക് നിയമനം നല്കും. എസ്.സി/എസ്.റ്റി, ഒ.ബി.സി. വീഭാഗക്കാര്‍ക്ക് അര്‍ഹമായ വയസ്സിളവ് അനുവദനീയമാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, സമാന ജോലിചെയ്തുള്ള അനുഭവപരിചയമുള്ളപക്ഷം അനുബന്ധരേഖകളും പകര്‍പ്പുകളും സഹിതം ജൂലൈ 28-ന് ഉച്ചയ്ക്ക് ശേഷം മൂന്നിനും നാലിനും ഇടയില്‍ എറണാകുളം സൗത്ത്, ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്ഇന്‍ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ 0484-2360648

 

 

 

ഒ.ഇ.സി ലംപ്‌സം ഗ്രാന്റ്

കൊച്ചി:  ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി ലംപ്‌സംഗ്രാന്റിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വിതരണത്തിനാവശ്യമായ തുക സ്‌കൂളുകളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. പ്രധാനാധ്യാപകര്‍ തുക പിന്‍വലിച്ച് സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുളള ലിസ്റ്റ് പ്രകാരം അര്‍ഹരായ കുട്ടികള്‍ക്ക് വിതരണം നടത്തണം.

 

 

ഒ.ബി.സി വിഭാഗം പ്രൊഫഷണലുകള്‍ക്കായുളള സ്റ്റാര്‍ട്ട്അപ് വായ്പാ പദ്ധതി

കൊച്ചി:  സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിന് നടപ്പാക്കുന്ന വായ്പാ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.

പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും. മൂന്ന് ലക്ഷം രൂപവരെ കുടുംബവാര്‍ഷിക വരുമാനമുളള ഒ.ബി.സി വിഭാഗം പ്രൊഫഷണലുകള്‍ക്ക് പദ്ധതി പ്രകാരം അപേക്ഷക്കാം. അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അതിനു മുകളില്‍ 20 ലക്ഷം വരെ ഏഴ് ശതമാനം പലിശ നിരക്കിലും വായ്പ അനുവദിക്കും. തിരിച്ചടവ് കാലയളവ് 84 മാസം വരെ. അപേക്ഷകന്‍ സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.ടെക്, ബി.എച്ച്.എം.എസ്, ബിആര്‍ക്ക്, വെറ്ററിനറി സയന്‍സ്, ബി.എസ്.സി, അഗ്രികള്‍ച്ചര്‍, ബി.ഫാം, ബയോടെക്‌നോളജി, ബി.സി.എ, എല്‍.എല്‍.ബി, ഫുഡ് ടെക്‌നോളജി, ഫൈന്‍  ആര്‍ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മുതലായവ) വിജയകരമായി പൂര്‍ത്തീകരിച്ചവരുമായിരിക്കണം. പ്രായം 40 വയസ് കവിയാന്‍ പാടില്ല.

പദ്ധതി പ്രകാരം മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്, വെറ്റിനറി ക്ലിനിക്, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ്, ഡയറിഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ് എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.

വായ്പാ തുകയുടെ 20 ശതമാനം (പരമാവധി രണ്ട ലക്ഷം രൂപ)പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവ് വയ്ക്കും. സംരംഭകന്‍ സബ്‌സിഡി കഴിച്ചുളള തുകയും അതിന്റെ പലിശയും മാത്രമാണ് തിരിച്ചടക്കേണ്ടത്. അപേക്ഷാ ഫോറം കോര്‍പറേഷന്റെ ജില്ലാ ഓഫീസുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.ksbcdc.com സന്ദര്‍ശിക്കുക.

 

 

വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിനും മെഡി ക്കല്‍/എഞ്ചി നീയറിംഗ് എന്‍്ട്രന്‍സ് പരീക്ഷ പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു

 

കൊച്ചി:  കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പെട്ടവര്‍-ഒ.ഇ.സി. മാത്രം, (മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല.) എന്നിവര്‍ക്കായി നല്‍കി വരുന്ന വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന് മാര്‍ച്ച് 2018 വര്‍ഷത്തെ എസ്.എസ്.എല്‍.സി., പ്ലസ്സ് ടു/വി.എച്ച്. എസ്.ഇ./ഡിഗ്രി/പി.ജി./ വാര്‍ഷിക പരീക്ഷകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസ്സായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്സ് ടു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കു വാനുള്ള മാനദണ്ഡം താഴെപ്പറയും പ്രകാരമായിരിക്കും.

എസ്.എസ്.എല്‍.സി. -- ഫസ്റ്റ് ക്ലാസ് ആറ് ബി, നാല് സി; ഡിസ്റ്റിംഗ്ഷന്‍ ആറ് എ, നാല് ബി.

 പ്ലസ്സ് ടു  --ഫസ്റ്റ് ക്ലാസ് നാല് ബി, രണ്ട് സി, ഡിസ്റ്റിംഗ്ഷന്‍ നാല് എ, രണ്ട് ബി. 

 

വി.എ ച്ച്.എ സ്.ഇ. ഫസ്റ്റ് ക്ലാസ് നാല് ബി, മൂന്ന് സി, ഡിസ്റ്റിംഗ്ഷന്‍ നാല് എ, മൂന്ന് ബി. 

പൂരിപ്പിച്ച അപേക്ഷകള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റിന്റെ ഗസറ്റ്ഡ്

ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സ്വന്തം മേല്‍വിലാസം എഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം  സെപ്റ്റംബര്‍ 30-ന് മുമ്പായി ലഭിക്കത്തക്കവിധം കോര്‍പ്പറേഷന്റെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് റീജിയണല്‍ ഓഫീസുകളിലേയ്ക്ക് അയച്ചു കൊടുക്കണം. എറണാകുളം, ജില്ലകളിലുള്ളവര്‍ റീജിയണല്‍ മാനേജര്‍,  കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, നാഗമ്പടം, കോട്ടയം. ഫോണ്‍ നം. 0481 - 2563786.

കൂടാതെ ഇതേ ലക്ഷ്യവിഭാഗത്തില്‍പ്പെട്ട  50 വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍/ എഞ്ചിനീയറിംഗ് എന്‍്ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ധനസഹായം നല്‍കു ന്നു. (കുടുംബ വാര്‍ഷിക വരുമാനത്തിന് വിധേമായി - ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപ, നഗരപ്രദേശങ്ങളില്‍ 1,20,000 രൂപ) ഉയര്‍ന്ന മാര്‍ക്ക് വാങ്ങി ആദ്യ ചാന്‍സില്‍ തന്നെ സയന്‍സ് ഗ്രൂപ്പെടുത്ത് +2 /തത്തുല്യ പരീക്ഷ ബി പ്ലസില്‍ കുറയാതെ പാസായ വിദ്യാര്‍ത്ഥികള്‍ ഈ ധനസഹായത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹരാണ്.

അപേക്ഷ ഫോറങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30.

 

എ.എ.വൈ മുന്‍ഗണന വിഭാഗത്തിലെ

 റേഷന്‍കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കണം

 

കൊച്ചി:  എ.എ.വൈ (മഞ്ഞ കളര്‍) മുന്‍ഗണന (പിങ്ക് കളര്‍) റേഷന്‍കാര്‍ഡിന് അര്‍ഹതയില്ലാത്തിനാല്‍ ജൂലൈ 31 നകം എറണാകുളം സിറ്റി റേഷനിംഗ് ഓഫീസില്‍ തിരികെ ഏല്‍പ്പിക്കണം.

സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അദ്ധ്യാപകര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍. ആദായ നികുതി നല്‍കുന്നവര്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍  എ.എ.വൈ (മഞ്ഞ കളര്‍) മുന്‍ഗണന (പിങ്ക് കളര്‍) റേഷന്‍കാര്‍ഡിന് അര്‍ഹതയില്ലാത്തവരാണ്. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ അംഗങ്ങള്‍ക്കും കൂടി മാസ വരുമാനം 25,000 മോ അതില്‍ അധികമോ ഉണ്ടെങ്കില്‍, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ അംഗങ്ങള്‍ക്കും കൂടി സ്വന്തമായി ഒരേക്കറിനു മേല്‍ ഭൂമി ഉണ്ടെങ്കില്‍.  റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള ഏതെങ്കിലും അംഗത്തിന് 1000 ചതുരശ്ര അടിക്കു മുകളില്‍ വീടോ, ഫ്‌ളാറ്റോ, കെട്ടിടങ്ങളോ വിദേശത്ത് ജോലിയോ, സ്വകാര്യ സ്ഥാപന ജോലിയില്‍ നിന്ന് 25000 മോ അതില്‍ അധികമോ വരുമാനമോ നാല് ചക്രവാഹനമോ ഉണ്ടെങ്കില്‍. 21 വയസിന് മുകളില്‍ പ്രായമായ ആണ്‍മക്കളുളള വിധവകള്‍ ഒന്നില്‍ കൂടുതല്‍ അംഗങ്ങളെ തൊഴില്‍ രഹിതര്‍ എന്ന്  നിലവിലെ റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍. ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ എന്നിവരും അര്‍ഹരല്ല.

സംസ്ഥാനത്ത് ആകെ ഒന്നരകോടി കുടുംബങ്ങള്‍ക്കു മാത്രമേ മുന്‍ഗണന കാര്‍ഡ് ലഭിക്കുകയുളളൂ. സൗജന്യ റേഷന് അര്‍ഹതയുളള പാവപ്പെട്ട കുടുംബങ്ങള്‍ ഇപ്പോഴും ഒഴിവ് ഇല്ലാത്തതിനാല്‍ മുന്‍ഗണനാ പട്ടികയ്ക്ക് പുറത്താണ്. ആയതിനാല്‍ മുന്‍ഗണനപട്ടികയില്‍ നിന്നും സ്വയം ഒഴിവുവാന്‍ തയാറുളളവരും, അര്‍ഹതയില്ലാതെ എ.എ.വൈ മുന്‍ഗണന കാര്‍ഡുകള്‍ ലഭിച്ചിട്ടുളളവരെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുവാന്‍ തയാറുളളവരും ഓഫീസുമായി ബന്ധപ്പെടണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അഭ്യര്‍ഥിച്ചു.

 

 മത്സ്യകര്‍ഷകര്‍ക്കായി ബോധവത്കരണ പരിപാടി 

 

കൊച്ചി: ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കോട്ടുവള്ളി, ഏഴിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലെ മത്സ്യ കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. 

 

വെല്ലുവിളി നേരിടുന്ന ഉള്‍നാടന്‍ മത്സ്യക്കൃഷി മേഖലയെ കൂടുതല്‍ പരിപോഷിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യകൃഷിക്ക് ഊന്നല്‍ നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയിലുളളവരെ സാമ്പത്തികമായും സാങ്കേതികമായും സഹായിക്കുന്നതിന് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ പദ്ധതികളുടെ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനാണ് ബോധവത്കരണ പരിപാടികളും സെമിനാറുകളും നടത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മത്സ്യകൃഷി വര്‍ധിപ്പിച്ചു. ജൈവകൃഷിയിലൂടെ കൂടുതല്‍ പേരെ മേഖലയിലേക്ക് ആകര്‍ഷിക്കാനും കഴിഞ്ഞു. വിദേശ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി മുന്നേറണം. ഉള്‍നാടന്‍ മത്സ്യകൃഷിയെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ശരിയായ രീതിയില്‍ വിനിയോഗിക്കണം. ക്ലാസുകളില്‍ നിന്നു ലഭിക്കുന്ന അറിവുകള്‍ മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

 

കടലിലെ മത്സ്യത്തിന്റെ ലഭ്യതക്കുറവ് രൂക്ഷമായ സാഹചര്യത്തില്‍ ജലകൃഷിയിലൂടെയുള്ള മത്സ്യോത്പാദനം പരമാവധി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. കേരളത്തിന്റെ ഉള്‍നാടന്‍ മത്സ്യ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ജനകീയ മത്സ്യകൃഷിരണ്ടാം ഘട്ടം. മത്സ്യോത്പാദനത്തിന് മികച്ച സാധ്യതയാണ് ഉള്‍നാടന്‍ മത്സ്യമേഖലയ്ക്കുള്ളത്. സുസ്ഥിര മത്സ്യകൃഷി നടപ്പിലാക്കുന്നതിനുള്ള കൃഷിരീതികളും ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഘടക പദ്ധതികളുടെ വിശദാംശങ്ങളും ക്ലാസില്‍ വിശദീകരിച്ചു. എണ്‍പതോളം മത്സ്യ കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു. 

 

കര്‍ഷകര്‍ക്കായി ഒരുക്കിയ ഓരുജല മത്സ്യകൃഷിയെ സംബന്ധിച്ചുള്ള ക്ലാസ് കെ.വി.കെ സബ്ജക്റ്റ് മാസ്റ്റര്‍ സ്‌പെഷലിസ്റ്റ് വികാസ് നയിച്ചു. ശാസ്ത്രീയ മത്സ്യകൃഷിയിലൂടെ ലാഭം കണ്ടെത്താന്‍ കഴിയുന്ന രീതികളാണ് ക്ലാസില്‍ ഉള്‍പ്പെടുത്തിയത്. പുതിയ കൃഷി രീതികളെപ്പറ്റിയും പരിപാലന മാര്‍ഗ്ഗങ്ങളെപ്പറ്റിയുമുള്ള വീഡിയോ പ്രദര്‍ശനം കര്‍ഷകര്‍ക്ക് സഹായകമായി. മത്സ്യകൃഷിയുടെ നിയമ വ്യവസ്ഥകളെപ്പറ്റി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോ. സീമ. സി ക്ലാസെടുത്തു.

 

പരിപാടിയില്‍ എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ.സി. രാജീവ്, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ഷൈജു ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രശ്മി ആസാദ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി സുധീര്‍, എറണാകുളം എഫ്.എഫ്.ഡി.എ അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ദേവി ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

ക്യാപ്ഷന്‍: 1) പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മത്സ്യകര്‍ഷകര്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി സംസാരിക്കുന്നു

 

2) പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മത്സ്യകര്‍ഷകര്‍ക്കായുള്ള ബോധവത്കരണ പരിപാടി പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

 

ഇ-ടെന്‍ഡര്‍

കൊച്ചി: കൊച്ചി നഗരസഭയുടെ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി സാധുവായ ലൈസന്‍സുളളതും ഇ.പി.എഫ് രജിസ്‌ട്രേഷന്‍ ഉളളവരുമായ കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള ഇ-ടെന്‍ഡര്‍  ആഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ ഓണ്‍ലൈനായി സ്വീകരിക്കും.  ടെന്‍ഡര്‍ https://etenders.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.

 

കൊച്ചി: കൊച്ചി നഗരസഭയുടെ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി സാധുവായ ലൈസന്‍സുളളതും ഇ.പി.എഫ് രജിസ്‌ട്രേഷന്‍ ഉളളവരുമായ കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള ഇ-ടെന്‍ഡര്‍  ജൂലൈ 28-ന് ഉച്ചയ്ക്ക് ശേഷം നാലു വരെ ഓണ്‍ലൈനായി സ്വീകരിക്കും.  ടെന്‍ഡര്‍ https://etenders.kerala.gov.inവെബ്‌സൈറ്റില്‍ ലഭിക്കും.

 

വിവിധ തൊഴില്‍ പരിശീലന പരിപാടികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: ജില്ലാ പഞ്ചായത്ത് പട്ടികജാതി യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന പൈപ്പ് ഫാബ്രിക്കേറ്റര്‍, സ്‌കഫോര്‍ഡിംഗ്, പ്ലാസ്റ്റിക് പ്രൊസസിംഗ് എന്നീ പരിശീലന പരിപാടികളിലേക്ക് യഥാക്രമം ഐ.ടി.ഐ/പോളിടെക്‌നിക്, പത്താം ക്ലാസ്, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുളളവരില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 21 നും 30 നും ഇടയില്‍ പ്രായമുളളവരും, വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാത്തവരും ആയിരിക്കണം.

അപേക്ഷകര്‍ ജാതി,  വരുമാന, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷ ജൂലൈ 31 ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധ്‌പ്പെടുക. ഫോണ്‍ 0484-2422256.

 

ജോലി ഒഴിവ്

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെഷീന്‍ ഓപ്പറേറ്ററിന്റെ രണ്ട് സ്ഥിര ഒഴിവുകള്‍ നിലവിലുണ്ട്.  ഓപ്പണ്‍, ഈഴവ എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവുകളുടെ യോഗ്യത റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് മെക്കാനിക്ക് ഐ.ടി.ഐ, റഫ്രിജറേഷന്‍ പ്ലാന്റില്‍ കംമ്പ്രസര്‍ ഓപ്പറേഷനില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ്. പ്രായ പരിധി ജനുവരി ഒന്നിന് 18 - 41.  (നിയമാനുസൃത വയസ്സിളവ് അനുവദനീയം) ശമ്പളം 9940 -16580.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 14.-ന്  മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

date