കാട്ടാക്കടയിലെ 68 സ്‌കൂളുകള്‍ ഹരിത വിദ്യാലയങ്ങളാകുന്നു
കാട്ടാക്കട നിയോജക മണ്ഡലത്തിലെ 68 സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളാക്കുന്ന പദ്ധതിക്കു തുടക്കമായി. മണ്ഡലത്തില്‍ നടപ്പാക്കുന്ന 'വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി' പദ്ധതിയുടെ ഭാഗമായാണിത്. ശുചിത്വ മിഷനുമായി ചേര്‍ന്നാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഹരിത കേരളം മിഷന്‍ വിഭാവനം ചെയ്യുന്ന വൃത്തി, വെള്ളം, വിളവ് എന്നിവ കൈവരിച്ചുകൊണ്ടാകും ലക്ഷ്യം കൈവരിക്കുക.
ആദ്യ ഘട്ടമായി എല്ലാ സ്‌കൂളുകളിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും അവ പരിപാലിക്കുന്നതിന് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുകയും ചെയ്യുമെന്ന് ഐ.ബി. സതീഷ് എം.എല്‍.എ. പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് കാട്ടാക്കട, മാറനല്ലൂര്‍ പഞ്ചായത്തുകളിലെ ജല ക്ലബ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ കോമ്പൗണ്ടിലെ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു വൃത്തിയായി സൂക്ഷിക്കുന്നതിന് പേന, പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവ ശേഖരിക്കുന്നതിന് കൂടകള്‍ സ്ഥാപിക്കും. വിവരശേഖരണം നടത്തി ഓരോ വിദ്യാലയത്തിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളിച്ചു പദ്ധതിയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കിയാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്നും എം.എല്‍.എ പറഞ്ഞു.
ജൈവ മാലിന്യം സംസ്‌കരിക്കാന്‍ അനുയോജ്യമായ ഉറവിട മാലിന്യ സംവിധാനം ഒരുക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. ശുചിത്വ മിഷന്റെ സാങ്കേതിക സഹായത്തോടെ ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ രൂപീകരിച്ച ജലക്ലബ്ബുകളിലൂടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനാവശ്യമായ സഹായം നല്‍കും. ശുചിത്വ മിഷന്റെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്കു ബോധവല്‍ക്കരണവും നല്‍കും. ശുചിത്വ വിദ്യാലയങ്ങള്‍ എന്ന ആശയത്തിലൂന്നിയാകും ഹരിത വിദ്യാലയത്തിലേക്കുള്ള ചുവടുവയ്പ്.
ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദീന്‍ പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു. ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.ജി. ഹരികൃഷ്ണന്‍ വിഷയാവതരണം നടത്തി.
(പി.ആര്‍.പി. 1937/2018)
- Log in to post comments