Skip to main content

ലഹരി വിരുദ്ധ യജ്ഞത്തില്‍ പങ്കാളിയാകാം, കാട്ടാല്‍ എഡ്യൂകെയര്‍ ആപ്പിലൂടെ

**കാട്ടാക്കട മണ്ഡലത്തില്‍ 1500 വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന മാസ് ഡ്രില്‍ ഒക്ടോബര്‍ രണ്ടിന്

ലഹരി ഉപയോഗം, വില്‍പ്പന തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി ഒരു ക്ലിക്കിലൂടെ അധികാരികളെ അറിയിക്കാം. കാട്ടാക്കട നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലും നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭാസ സൗഹൃദ പദ്ധതി 'കാട്ടാല്‍ എഡ്യുകെയ'റിന്റെ ഭാഗമായുള്ള സ്മാര്‍ട്ട് പിടിഎ- സ്റ്റുഡന്റ് കെയര്‍ ആപ്പ് വഴിയാണ് പരാതികള്‍ സ്വീകരിക്കുന്നത്. ഇതിനായി പ്രൊഫൈല്‍ ഹോം പേജില്‍ തന്നെ 'റിപ്പോര്‍ട്ട് അബ്യൂസ്' എന്ന ഓപ്ഷന്‍ സജ്ജീകരിച്ചിട്ടുണ്ട്.

ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പനയും സംബന്ധിക്കുന്ന പരാതിക്ക് പുറമെ, ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ എന്നിവയും ആപ്പില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. വിവരങ്ങള്‍ കൈമാറുന്ന വ്യക്തിയുടെ സ്വകാര്യത ഉറപ്പുവരുത്തിയാണ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. സംസ്ഥാന പോലീസ് വകുപ്പിന്റെ യോദ്ധാവ് ആപ്പുമായി ഇന്റഗ്രേറ്റ് ചെയ്താണ് ഈ സൗകര്യം നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ, ഐ ബി സതീഷ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഒരു മോണിറ്ററിംഗ് കമ്മിറ്റിയും സ്ഥിതിഗതികള്‍ വിലയിരുത്തും.

വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പിന്തുണയോടുകൂടി സമൂഹത്തിലെ ലഹരി ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കാനാകുമെന്നും, പരാതിക്കാരന്റെ വ്യക്തി വിവരങ്ങള്‍ പരസ്യമാക്കാതെയുള്ള  നടപടികള്‍ തികച്ചും സുരക്ഷിതമാണെന്നും ഐ ബി സതീഷ് എംഎല്‍എ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതര കഴിവുകളെ സാങ്കേതികമായി  വികസിപ്പിക്കുന്നതിനോടൊപ്പം സാമൂഹ്യ ഇടപെടലുകള്‍ക്കും ആപ്പ് വഴിയൊരുക്കുന്നതായും അദ്ദേഹം പറഞ്ഞു.

കാട്ടാക്കട മണ്ഡലത്തിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.  ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി 1500 വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന മാസ് ഡ്രില്‍ നടക്കും. നരുവാമൂട് ട്രിനിറ്റി കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരായ പൊതുബോധം സൃഷ്ടിക്കുന്നതിന് മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന 'കൂട്ട്'  പദ്ധതിയുടെ ഭാഗമായിട്ടാണ് മാസ് ഡ്രില്‍ സംഘടിപ്പിക്കുന്നത്. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു.

date