Skip to main content

തിരൂരങ്ങാടി താലൂക്ക് റവന്യൂ അസംബ്ലി യോഗം ചേര്‍ന്നു

തിരൂരങ്ങാടി, വള്ളിക്കുന്ന്,  വേങ്ങര എന്നീ നിയോജകമണ്ഡലങ്ങളിലെ  റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തിരൂരങ്ങാടി താലൂക്ക് റവന്യൂ അസംബ്ലി യോഗം ചേര്‍ന്നു. കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനായി. എടരിക്കോട്, തെന്നല, തിരൂരങ്ങാടി തുടങ്ങിയ വില്ലേജുകള്‍ക്ക് പുതിയ സ്ഥലവും പുതിയ കെട്ടിടവും ലഭ്യമാക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തിരൂരങ്ങാടി വില്ലേജ് ഓഫീസ് വിഭജനം അനിവാര്യമാണെന്നും ഇതിനാവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിനും  നെടുവ വില്ലേജിലെ റീസര്‍വയില്‍ വന്ന അപാകതകള്‍ അടിയന്തരമായി പരിഹരിക്കുന്നതിനും യോഗം തീരുമാനിച്ചു. വില്ലേജുകളില്‍ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ അടിയന്തരമായി പുനര്‍നിര്‍ണയിച്ച് അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യം  യോഗത്തില്‍ ചര്‍ച്ചചെയ്യുകയും സര്‍ക്കാരിലേക്ക് ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ യോഗ തീരുമാനപ്രകാരം സമര്‍പ്പിക്കുന്നതിനും തീരുമാനിച്ചു.
 ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൂക്കിപ്പറമ്പില്‍ ഉടലെടുത്ത ട്രാഫിക് ബ്ലോക്ക് പരിഹരിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്ന കാര്യവും ഒഴിച്ചന കണ്ടംചിറ റോഡ് കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ്  സൗജന്യമായി നവീകരിക്കുന്നതിന് ആവശ്യമായ അനുമതി ലഭ്യമാക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കുന്നതിന്  താലൂക്കിലെ വിവിധ തോടുകളിലെ മണ്ണുകള്‍ നീക്കം ചെയ്യുന്നതിന് ആവശ്യമായ അനുമതി ലഭ്യമാക്കുന്നതിന് യോഗ തീരുമാനപ്രകാരം കലക്ടറോട് ശുപാര്‍ശ  ചെയ്യാന്‍ തീരുമാനിച്ചു. ലാന്‍ഡ് അക്വിസിഷന്‍  ഡെപ്യൂട്ടി കലക്ടര്‍ കെ. ലത, തിരൂരങ്ങാടി തഹസില്‍ദാര്‍  പി.ഒ സാദിഖ്, എല്ല് വകുപ്പ് തഹസില്‍ദാര്‍ മോഹനന്‍, താലൂക്കിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ പങ്കെടുത്തു.

date