മാനസികാരോഗ്യം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന്റെ 'ടെലി മനസ്': മന്ത്രി വീണാ ജോർജ്
*ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം
മാനസിക പ്രശ്നങ്ങൾക്കും വിഷമതകൾക്കും സംശയ നിവാരണത്തിനും, ടെലി കൗൺസിലിംഗ് ഉൾപ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുവാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 'ടെലി മനസ്' ഓൺലൈൻ സംവിധാനം ഉടൻ നിലവിൽ വരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിനായി 20 കൗൺസിലർമാരെയും സൈക്യാട്രിസ്റ്റ് ഉൾപ്പടെയുള്ള മാനസികാരോഗ്യ പ്രവർത്തകരെയും നിയോഗിക്കും. കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും നേരിട്ടുളള സേവനങ്ങൾ നൽകുന്നതിനായിട്ടുള്ള സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 'എല്ലാവരുടേയും മാനസികാരോഗ്യത്തിനും സൗഖ്യത്തിനും ആഗോള മുൻഗണന നൽകുക' എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ വിഷയം.
മാനസികാരോഗ്യം ഉറപ്പ് വരുത്താനായി സംസ്ഥാനത്തെ 14 ജില്ലകളിലും മാനസികാരോഗ്യ പരിപാടി നടപ്പിലാക്കി. ഇതുവഴി സംസ്ഥാനത്ത് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലുമായി 290 മാനസികാരോഗ്യ ക്ലിനിക്കുകൾ മാസം തോറും നടത്തി വരുന്നു. ഇതിലൂടെ അൻപതിനായിരത്തിലധികം രോഗികൾക്ക് ചികിത്സയും മറ്റ് മാനസിക ആരോഗ്യ സേവനങ്ങളും ലഭ്യമാകുന്നുണ്ട്. ഇതിനുപുറമേ മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമികാരോഗ്യ തലത്തിൽ തന്നെ ലഭ്യമാക്കുന്നതിനായി 'സമ്പൂർണ മാനസികാരോഗ്യം', 'ആശ്വാസം' പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.
ആശാ വർക്കർമാരുടെ സേവനം ഉപയോഗിച്ച് മാനസിക പ്രശ്നങ്ങളും, വൈകല്യങ്ങളും, രോഗങ്ങളും ഉള്ളവരെ കണ്ടെത്തി അവരുടെ തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ തന്നെ ചികിത്സയും മറ്റു സേവനങ്ങളും ലഭ്യമാക്കുന്ന പദ്ധതിയാണ് 'സമ്പൂർണ മാനസികാരോഗ്യം'. ഓരോ പഞ്ചായത്തിലും 50 മുതൽ 120 രോഗികളെ വരെ ഈ പദ്ധതിയിലൂടെ ചികിത്സയിലേക്ക് കൊണ്ട് വരാൻ കഴിയുന്നു. ഈ സാമ്പത്തിക വർഷത്തോടെ സമ്പൂർണ മാനസികാരോഗ്യം 700 ഗ്രാമ പഞ്ചായത്തുകളിൽ നടപ്പിലാക്കുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.
ഇതിനുപുറമേ ആത്മഹത്യ നിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് 'ജീവരക്ഷ' എന്ന പേരിൽ സംസ്ഥാനമൊട്ടാകെ ആത്മഹത്യാ പ്രതിരോധ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. വിഷമതകൾ അനുഭവിക്കുന്ന ജനങ്ങളുമായി ഇടപഴകാൻ സാദ്ധ്യതയുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ, ടീച്ചർമാർ, പോലീസുകാർ, ജനപ്രതിനിധികൾ, മതപുരോഹിതർ എന്നിവർക്ക് ആത്മഹത്യയുടെ അപകട സൂചനകൾ, മാനസിക പ്രഥമ ശുശ്രൂഷ എന്നിവ ഉൾപ്പെടെയുള്ള ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങളിൽ പരിശീലനവും നൽകി വരുന്നു.
പി.എൻ.എക്സ്. 4730/2022
- Log in to post comments