Skip to main content
 ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് നടത്തുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ  ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ നിന്ന്

'ലഹരിയുടെ പ്രത്യാഘാതങ്ങൾ അതിഭീകരം, വിപത്തിനെ തിരിച്ചറിയുക'

 

ജീവിതത്തിലെ പ്രതിസന്ധികൾക്കും പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം ലഹരി ഉപയോഗമല്ലെന്നും ആത്മധൈര്യത്തോടെ ജീവിതത്തെ നേരിടുകയാണ് വേണ്ടതെന്നും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പള്ളിക്കുന്ന് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിനിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം രാജീവൻ. അഞ്ച് വർഷം മുമ്പ് കേരളത്തിലില്ലാത്ത അതിസങ്കീർണമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. ലഹരിയിൽ എരിഞ്ഞടങ്ങുകയാണ് സമൂഹത്തിലെ ഒരു വിഭാഗം. ലഹരിയുടെ പ്രത്യാഘാതങ്ങൾ വളരെ ഭീകരമാണ്. ലോകത്തെ മറന്ന് ഉന്മാദാവസ്ഥയിലേക്ക് ലഹരിക്ക് അടിമപ്പെടുന്നവർ എത്തുന്നു. അവരുടെ കഴിവുകളെ ലഹരി നശിപ്പിക്കും. ലഹരിയുടെ ലോകത്തിലൂടെ സഞ്ചരിക്കുന്നവർ സമൂഹത്തിൽ അപഹാസ്യരാകുന്നു. ലഹരി എന്ന വിപത്ത് നാം തിരിച്ചറിയണം. നിങ്ങളുടെ ലഹരി കുടുംബങ്ങളാണെന്നും അവരോടൊപ്പമുള്ള നിമിഷങ്ങളാണെന്നും തിരിച്ചറിയണം-ബോധവത്കരണ ക്ലാസിൽ അദ്ദേഹം പറഞ്ഞു.

ജീവിതത്തെയും വിനോദത്തെയും ലഹരിയായി കണ്ടെത്തിയാൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ നിന്നും കൗമാര പ്രായക്കാർക്ക് മാറിനിൽക്കാൻ കഴിയുമെന്ന് ജില്ലാ മാനസിക ആരോഗ്യ പരിപാടി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കീർത്തി എസ് ബാബു പറഞ്ഞു. ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം കൗമാരക്കാരിൽ തുടക്കത്തിൽ ആവേശം നൽകുമെങ്കിലും പിന്നീട് ജീവിതത്തിന്റെ എല്ലാ മേഖലയിലും ഭീകര പ്രശ്‌നങ്ങൾ സൃഷ്ടിക്കും. അമിതലഹരിയുടെ ഉപയോഗം വിഭ്രാന്തിയിലേക്കാണ് നയിക്കുക. ഒരു തവണ ഉപയോഗിച്ചാൽ ഒന്നു മുതൽ 12 മണിക്കൂർ വരെ ഉന്മാദാവസ്ഥയിലേക്ക് മാറുമെന്നും അവർ പറഞ്ഞു. വ്യക്തമാകാത്ത സംസാരം, മങ്ങിയ കാഴ്ച, വിശപ്പു കുറയൽ, അക്രമണോത്സുകത, അമിതാവേശം, സാമൂഹിക പിന്മാറ്റം തുടങ്ങിയവ ലഹരി ഉപയോഗിക്കുന്നവരിൽ കാണുന്ന ലക്ഷണങ്ങളാണ്. ബോധവത്കരണമാണ് ലഹരിക്കെതിരെയുള്ള മികച്ച പ്രതിരോധം. വീടുകളിൽ മക്കൾക്ക് സുരക്ഷിത ബോധം, മാതാപിതാക്കൾ കുട്ടികളോട് ആശയവിനിമയം, അവർക്ക് അംഗീകാരവും ആവശ്യത്തിന് സാതന്ത്ര്യം തുടങ്ങിയവയും നൽകണമെന്ന് അവർ പറഞ്ഞു.

date