Skip to main content

വീട്ടില്‍ ക്യാമ്പൊരുക്കി സോമന്‍

 

തിരുവാര്‍പ്പ് പഞ്ചായത്തിലെ തൊണ്ടമ്പ്രാല്‍ ദുരിതാശ്വാസ ക്യാമ്പ് നാട്ടുകാരനായ സോമന്റെ വീട്ടിലാണെന്നു പറയാം. പെട്ടെന്നുണ്ടായ മഴവെള്ളപ്പൊക്കം തൊണ്ടമ്പ്രാല്‍ ലക്ഷം വീട് കോളനിയേ ബാധിച്ചത് പെട്ടെന്നായിരുന്നു. കോളനിക്കടുത്ത് പെട്ടെന്നു വെള്ളം കയറാത്ത സ്ഥലത്താണ് സോമന്റെ വീട്. സര്‍ക്കാരിന്റെ സഹായമെത്തുന്നതിനു മുമ്പേ നാട്ടുകാരുടെ തോഴന്‍ സോമന്‍ സ്വന്തം വീട്ടിലും അടുത്തുള്ള കെട്ടിടത്തിലും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. വീടിന്റെ രണ്ടാം നിലയിലാണ് വെള്ളപ്പൊക്ക കെടുതിയില്‍ വീടു വിട്ടിറങ്ങേണ്ടി വന്നവര്‍ക്ക് സോമന്‍ സൗകര്യമൊരുക്കിയത്. മുന്‍ വര്‍ഷങ്ങളിലും സമാന സാഹചര്യങ്ങളില്‍ സോമന്‍ മുന്‍പന്തിയിലുണ്ടായിരുന്നതിനാല്‍ സഹായമഭ്യര്‍ത്ഥിക്കാന്‍ നാട്ടുകാര്‍ക്കും മടിയുണ്ടായിരുന്നില്ല. ഉള്ള പരിമിതിയില്‍ കൃത്യസമയത്ത് സഹായമൊരുക്കിയതില്‍ സോമനും സന്തോഷം തന്നെ. സര്‍ക്കാര്‍ ക്യാമ്പുകള്‍ അടുത്തുണ്ടെങ്കിലും വീടിനടുത്ത് തന്നെ കഴിയാനാണ് അന്തേവാസികള്‍ക്കും താല്‍പര്യം. കാരണം മറ്റൊന്നുമല്ല; കണ്ണെത്തും ദൂരത്ത് തങ്ങളുടെ വീടും പക്ഷി മൃഗാദികളും ഉണ്ടെന്നതു തന്നെ. 

സോമനെപോലെ തന്നെ പ്രിയങ്കരനാണ് നാട്ടിലെ പലചരക്കു കടക്കാരന്‍ ചേട്ടനും. പേരില്‍ എന്തിരിക്കുന്നുവെന്നാണ് ചേട്ടന്റെ ചോദ്യം. മഴക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അന്നദാതാവായിരുക്കുകയാണ് ഇദ്ദേഹം. ജോലിക്കു പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ് കോളനിയിലെ കൂലിപ്പണക്കാര്‍ക്ക്. ഇവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ കൃത്യമസയത്ത് എത്തിക്കുന്നത് ഇദ്ദേഹത്തി             ന്റെ കവലയിലെ ഒറ്റമുറി കെട്ടിടത്തില്‍നിന്നാണ്. ദുരിതങ്ങള്‍ മാറിയ ശേഷം ജോലി ചെയ്ത് പണം നല്‍കിയാല്‍ മതിയെന്നതാണ് ആശ്വാസം. ഈ നിലപാട് നാട്ടുകാര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണെന്നു നാട്ടുകാരനായ ബിജു പറഞ്ഞു. പെട്ടെന്നുണ്ടായ മഴയില്‍ ഒന്നും എടുക്കാനാകാതെ കുട്ടികളെയും കൊണ്ട് ക്യാമ്പിലെത്തിയവരാണ് അധികവും. ഇതുവരെയുള്ള സമ്പാദ്യം നഷ്ടപ്പെട്ടെങ്കിലും സുരക്ഷിത സ്ഥലത്ത് താല്‍കാലിക അഭയം കണ്ടെത്തിയ ആശ്വാസത്തിലാണ് ഇവര്‍.

 

date