Skip to main content

ഞാറ് നടീലും 'ഹരിതം' പദ്ധതി ഉദ്ഘാടനവും ഇന്ന്

സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വെള്ളേരി ചാലിപ്പാടത്ത് നടത്തി വരുന്ന നെല്‍കൃഷിയുടെ ഞാറു നടീല്‍ ഉദ്ഘാടനം ഇന്ന് (നവംബര്‍ അഞ്ച്) രാവിലെ എട്ടിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടികെടി അബ്ദുഹാജി നിര്‍വഹിക്കും. പുതുതലമുറയില്‍ വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്താനും പരിസ്ഥിതി സംരക്ഷണാവബോധം വളര്‍ത്താനും ലക്ഷ്യമിട്ട് സംസ്ഥാനതലത്തില്‍ നാഷണല്‍ സര്‍വീസ് സ്‌കീം നടത്തുന്ന പദ്ധതി 'ഹരിതം' മലപ്പുറം ഈസ്റ്റ് ജില്ലാതല ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഹരിത കേരള മിഷന്‍, കൃഷി വകുപ്പ് എന്നിവയുമായി ചേര്‍ന്ന് നടത്തുന്ന വിവിധ കാര്‍ഷിക പദ്ധതികളാണ് ഹരിതം പദ്ധതിയില്‍ നടപ്പാക്കുന്നത്. പച്ചക്കറി കൃഷി നെല്‍കൃഷി മറ്റു കൃഷികള്‍ എന്നിവ ഹരിതം പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്. അതുപോലെ മിയാവാക്കി വനങ്ങള്‍, ഫലവൃക്ഷങ്ങളുടെ നടലും പരിപാലനവും, കമ്പോസ്റ്റ് നിര്‍മാണം, സീഡ് ബോള്‍ നിര്‍മാണവും വിതറലും ഹരിതം പദ്ധതിയുടെ ഭാഗമാണ്.   സ്‌കൂള്‍ ക്യാമ്പസില്‍ തനതിട നിര്‍മാണവും ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളായ ജലസംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം, ഖരമാലിന്യ സംസ്‌കരണം എന്നിവയും ഹരിതം പദ്ധതിയുടെ ഭാഗമായി വരുന്ന പ്രവര്‍ത്തനങ്ങളാണ്.

 ചടങ്ങില്‍ മലപ്പുറം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ സി.പി സൈബുന്നിസ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശരീഫ ടീച്ചര്‍, പി.വി അബ്ദു മനാഫ്, കെ.ടി അഷ്റഫ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉമ്മുസല്‍മ, ഷിബിന്‍ ലാല്‍ എന്നിവരും അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.സുഹൂദ് മാസ്റ്റര്‍,  കെ.സാദില്‍, വൈ പി സുലൈഖ, റംല വെള്ളാരി, സൈനബ പട്ടീരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു എന്നിവരും പങ്കെടുക്കും. നാഷണല്‍ സര്‍വീസ് സ്‌കീം മലപ്പുറം ഈസ്റ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് ബത്തേരി 'ഹരിതം' പദ്ധതി പരിചയപ്പെടുത്തി സംസാരിക്കും. യുവകര്‍ഷകന്‍ നൗഷര്‍ കല്ലടയുടെ വെള്ളേരിയിലെ ഒരു ഏക്കര്‍ ഭൂമിയിലാണ് 'പൊന്മണി' ഇനത്തില്‍പ്പെട്ട നെല്‍വിത്തിറക്കുന്നത്. വിളവെടുപ്പില്‍ നിന്നും കിട്ടുന്ന നെല്ല് അവില്‍ ആക്കി മാറ്റി വില്‍പ്പന നടത്തി ഇതിലൂടെ കിട്ടുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാര്‍ഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കാനാണ് സ്‌കൂള്‍ തീരുമാനിച്ചിട്ടുള്ളത്.
 

date