Skip to main content
ഫോട്ടോ: ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

 

വ്യവസായ-വാണിജ്യ വകുപ്പ് എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സംരംഭക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഒറ്റപ്പാലം വ്യവസായ വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വ്യാവസായിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പദ്ധതികളെക്കുറിച്ചും സംരംഭത്തിന് ആവശ്യമായ ലൈസന്‍സ്, സബ്‌സിഡി അവബോധം സൃഷ്ടിക്കുന്നതിനുമായാണ് സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചത്.
പരിപാടിയില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ബാബു അധ്യക്ഷനായി. സംരംഭ സാധ്യതകളെക്കുറിച്ച് ബിസിനസ് ബ്രാന്‍ഡിങ് കണ്‍സള്‍ട്ടന്റ് സിജു രാജന്‍, വ്യവസായ വകുപ്പ് പദ്ധതികളും സേവനങ്ങളും വിഷയത്തില്‍ ഒറ്റപ്പാലം നഗരസഭ വ്യവസായ വികസന ഓഫീസര്‍ ആര്‍. ശരത് എന്നിവര്‍ വിഷയാവതരണം നടത്തി. ഒറ്റപ്പാലം താലൂക്ക് വ്യവസായ ഓഫീസ് ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ. ബൈജു, നെല്ലായ പഞ്ചായത്ത് വ്യവസായ വകുപ്പ് ഇന്റേണ്‍ രതീഷ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ 90 പേര്‍ പങ്കെടുത്തു.

ഒരു വര്‍ഷം ഒരു ലക്ഷം സംരഭക പദ്ധതി:
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചത് 524 യൂണിറ്റുകള്‍

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലുമായി ഇതുവരെ 524 സംരംഭക യൂണിറ്റുകള്‍ ആരംഭിച്ചതായി ഒറ്റപ്പാലം വ്യവസായ വികസന ഓഫീസ് അധികൃതര്‍ അറിയിച്ചു.നിര്‍മാണ മേഖലയില്‍ 57 സംരംഭങ്ങളും,സേവന മേഖലയില്‍ 176 സംരംഭങ്ങളും,വ്യാപാര മേഖലയില്‍ 291  സംരംഭങ്ങളുമാണ് ആരംഭിച്ചത്. ഭക്ഷ്യ ഉത്പാദനം, റെഡിമെയ്ഡ്‌സ് വസ്ത്ര വ്യാപാരം, കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ നിര്‍മ്മാണം, അക്ഷയ സെന്റര്‍, ബ്യൂട്ടിപാര്‍ലര്‍, വര്‍ക്ക്‌ഷോപ്പ്, തയ്യല്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ സംരംഭങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ബ്ലോക്കിലെ ഏട്ട് പഞ്ചായത്തുകളുടെ അടിസ്ഥാനത്തില്‍ അമ്പലപ്പാറ-60, ലെക്കിടി പേരൂര്‍-84, വാണിയംകുളം-78, വല്ലപ്പുഴ-74, നെല്ലായ-65, തൃക്കടീരി- 55, ചളവറ-56, അനങ്ങനടി-52 എന്നിങ്ങനെയാണ് സംരംഭങ്ങള്‍ ആരംഭിച്ചത്. പഞ്ചായത്ത് തലത്തില്‍ ലോണ്‍ മേളകള്‍ നടത്തിയും ബോധവത്ക്കരണ സെമിനാറുകള്‍ സംഘടിപ്പിച്ചും സംരംഭം തുടങ്ങുന്നതിനാവശ്യമായ ലൈസന്‍സ് നല്‍കിയുമാണ് സംരംഭകരെ കണ്ടെത്തിയത്.

 

date