Skip to main content

വൈവിധ്യമാര്‍ന്ന  പദ്ധതികള്‍; ലക്ഷ്യം ക്ഷീര വിപ്ലവം

ക്ഷീരമേഖലയില്‍  വൈവിധ്യമാര്‍ന്ന നൂതന പദ്ധതികള്‍ നടപ്പിലാക്കി ക്ഷീരമേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പുല്‍പ്പള്ളി , മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകള്‍. ഇതില്‍ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്.    അവശ്യഘട്ടങ്ങളില്‍ അടിയന്തര ചികിത്സ ലഭിക്കാത്ത സാഹചര്യം ക്ഷീരകര്‍ഷകര്‍ക്ക് ഗുരുതരമായ സാമ്പത്തിക നഷ്ടത്തിനും ഒരുക്കളുടെ മരണത്തിന് പോലും കാരണമാകുന്നു. പാല്‍ വിലയും ഉല്‍പാദന ചെലവും രോഗങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടവും പശു വളര്‍ത്തല്‍ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഘട്ടത്തില്‍ അടിയന്തര ചികിത്സാ സേവനം വീട്ടുമുറ്റത്തെത്തിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ഗര്‍ഭിണി പശുക്കള്‍ക്കും കന്നു കുട്ടികള്‍ക്കുമുള്ള സമഗ്ര പോഷക സംരക്ഷണ പദ്ധതിയാണ് എന്റെ പൈക്കിടാവ് പദ്ധതി. ഈ പദ്ധതിയിലൂടെ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ 100 ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കും. ആറുമാസത്തിനു മുകളില്‍ ഗര്‍ഭിണിയായ കിടാരികളോ  പശുക്കളോ ഉള്ള ക്ഷീരകര്‍ഷകരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഗര്‍ഭകാല സംരക്ഷണത്തിന്റെ ഭാഗമായി അധിക അളവില്‍ കാലിത്തീറ്റയും  പ്രസവത്തോടനുബന്ധമായും പ്രസവ ശേഷവും അവശ്യം വേണ്ട മരുന്നുകളും ധാതുലവണ മിശ്രിതങ്ങളും വൈറ്റമിന്‍ സപ്ലിമെന്റുകളും കാല്‍സ്യം ടോണിക്കുകളും ഗ്ലൂക്കോ നിയോജനിക്ക് മരുന്നുകളും  ഇതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ലഭിക്കും.

മൃഗ സംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ മുളളന്‍കൊല്ലി ഗ്രാമപഞായത്തിലെ ആറു മാസം മുതല്‍ 32 മാസം വരെ പ്രായമുള്ള കന്നുകുട്ടികള്‍ക്ക്  50 ശതമാനം സബ്‌സിഡി നിരക്കില്‍ സമ്പുഷ്ട കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിയാണ് ഗോവര്‍ദ്ധിനി പദ്ധതി. തീറ്റ ദൗര്‍ലഭ്യം നേരിടുന്ന വേനല്‍ക്കാലത്ത് കറുവപ്പശുക്കള്‍ക്ക് സംരക്ഷണം ഉദ്ദേശിച്ചുകൊണ്ട്  പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കാലിത്തീറ്റ വിതരണ പദ്ധതിയാണ് വേനല്‍ക്കാല കറവ സംരക്ഷണ പദ്ധതി. 100 കിലോ കാലിത്തീറ്റ വീതം രണ്ടുമാസം 50% സബ്‌സിഡി നിരക്കില്‍  പദ്ധതിയിലൂടെ ലഭ്യമാക്കും. ക്ഷീരമേഖലക്ക് കൈത്താങ്ങായി നടപ്പിലാക്കുന്ന ഇത്തരം പദ്ധതികളിലൂടെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകരുടെ ഉന്നമനമാണ് ലക്ഷ്യം കാണുന്നത്.

date