ഓണക്കാല പരിശോധന കര്‍ശനമാക്കും വിദ്യാലയ പരിസരത്തെ മയക്കുമരുന്ന് വില്‍പ്പന: വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കണം-മന്ത്രി
വിദ്യാലയ പരിസരങ്ങളിലെ മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ വില്‍പ്പന തടയാന്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ കൈക്കൊള്ളാന്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് നിര്‍ദേശം നല്കി. കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും സ്കൂള്‍, കോളേജ് പരിസരങ്ങളില്‍ ലഹരി വില്‍പ്പന അനുവദിക്കരുത്. ഇങ്ങനെ ചെയ്യുന്നതായി കണ്ടാല്‍ അത്തരം കടകള്‍ അടപ്പിക്കാനാവശ്യമായ വിധത്തിലുള്ള നടപടികളാണ് കൈക്കൊള്ളേണ്ടതെന്ന് മന്ത്രി പറഞ്ഞു.
വ്യാജമദ്യത്തിനെതിരായ പരിശോധനകളും നടപടികളും ശക്തമായി തുടരേണ്ടതുണ്ട്. ഓണക്കാലമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം വേണം. വ്യാജക്കള്ള് വരുന്നത് തടയാനും ശ്രദ്ധ ഉണ്ടാകണം. കള്ളവാറ്റും കര്‍ശനമായി തടയേണ്ടതുണ്ട്. ആദിവാസി മേഖലകളില്‍ അവര്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധത്തിലാവണം ഈ നടപടികളെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവല്‍ക്കരണത്തിനുള്ള വിമുക്തി പദ്ധതി ജില്ലയില്‍ നല്ല നിലയില്‍ നടക്കുന്നുണ്ട്. ഇത് കുറേക്കൂടി വിപുലവും കാര്യക്ഷമവുമാക്കണം. ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും വര്‍ധിപ്പിക്കുന്നതിന് അനുഭാവ പൂര്‍ണമായ നിലപാട് ആയിരിക്കും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയെന്നും മന്ത്രി ടി പി രാമകൃഷ്ണന് യോഗത്തില്‍ അറിയിച്ചു. ഉത്തരമേഖല എക്സൈസ് ജോ. കമ്മീഷണര്‍ ഡി സന്തോഷ്, അസി. എക്സൈസ് കമ്മീഷണര്‍ എം അന്‍സാരി ബീഗു തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ അസി. എക്സൈസ് ഇന്സ്പെക്ടര്മാര്വരെയുള്ള ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.
- Log in to post comments