'ഹരിത ഊർജ്ജ വരുമാന പദ്ധതി' സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (01 ഡിസംബർ)
പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ഹരിത ഊർജ്ജ സംവിധാനങ്ങൾ ഏർപ്പെടുത്തി ജീവിത സാഹചര്യവും ഒപ്പം വരുമാനവും മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 'ഹരിത ഊർജ്ജ വരുമാന പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഡിസംബർ 1) വൈകിട്ട് അഞ്ചിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. പട്ടികജാതി ഗുണഭോക്താക്കൾക്കുള്ള സ്മാർട്ട് കിച്ചൻ ഉപകരണ വിതരണം പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. മന്ത്രിമാരായ ആന്റണി രാജു, എം.ബി. രാജേഷ്, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
ഹരിത ഊർജ്ജ വരുമാന പദ്ധതിയുടെ ആദ്യഘട്ടമായി ആയിരത്തോളം വീടുകളിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതാണ്. ഇതിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച 400 വീടുകളിലും പട്ടികജാതി വകുപ്പ് നിർമ്മിച്ച 100 വീടുകളിലും സൗരോർജ്ജ പ്ലാന്റുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.
ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളിൽ രണ്ട് കലോവാട്ട് വീതം ശേഷിയുള്ളതും പട്ടികജാതി വകുപ്പ് നിർമ്മിച്ച് നൽകിയ വീടുകളിൽ മൂന്ന് കിലോവാട്ട് വീതം ശേഷിയുള്ളതുമായ സൗരോർജ്ജ പ്ലാന്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ കുടുംബങ്ങൾക്ക് ആവശ്യമായ വൈദ്യുതി സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയും എന്നതിന് പുറമേ അധികമായി ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിയിൽ നിന്ന് ഇവർക്ക് നിശ്ചിത വരുമാനം കൂടി ലഭിക്കും.
പി.എൻ.എക്സ്. 5890/2022
- Log in to post comments