Skip to main content

എൻഡോസൾഫാൻ:  മെഡിക്കൽ ക്യാമ്പിനുള്ള നടപടി ക്രമങ്ങൾ ഈ മാസം ആരംഭിക്കും

    എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പിനുള്ള നടപടി ക്രമങ്ങൾ ഡിസംബറിൽ ആരംഭിക്കാൻ തീരുമാനം. എൻഡോസൾഫാൻ സെല്ലിന്റെ ചെയർമാനായ  പൊതുമരാമത്ത്, വിനോദസഞ്ചാര, യുവജനക്ഷേമ വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.   മന്ത്രിമാരായ വീണജോർജ്ജ്, ഡോ. ആർ ബിന്ദു, അഹമ്മദ് ദേവർകോവിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.  ഔദ്യോഗിക അറിയിപ്പ് നൽകി ദുരിതബാധിതരിൽ നിന്നും ലഭിക്കുന്ന അപേക്ഷ വിശദമായ പരിശോധനയ്ക്കു ശേഷം 2023 ഫെബ്രുവരിയോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാനും  യോഗത്തിൽ ധാരണയായി. 

    ന്യൂറോളജി സ്‌പെഷ്യലിസ്റ്റ് സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിർമ്മാണം പുരോഗമിക്കുന്ന അഡീഷണൽ ബ്‌ളോക്കിന്റെ പ്രവർത്തനം മാർച്ച് മാസത്തോടെ പൂർത്തികരിക്കും. കാത്ത് ലാബിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും.  മൂളിയാർ റീഹാബിലിറ്റേഷൻ വില്ലേജ് ആദ്യഘട്ട പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കും. ദുരിതബാധിതർക്കായി നിർമ്മിച്ച വീടുകളിൽ രണ്ടു മാസത്തിനകം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.     മന്ത്രിമാർക്ക് പുറമേ വകുപ്പ് സെക്രട്ടറിമാർ, കാസർഗോഡ് ജില്ലാ കളക്ടർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ  യോഗത്തിൽ സന്നിഹിതരായിരുന്നു.

പി.എൻ.എക്സ്. 5897/2022

 

 

date