Skip to main content

പെരുമ്പളത്ത് ഗോവര്‍ദ്ധിനി പദ്ധതിക്ക് തുടക്കം

ആലപ്പുഴ: പെരുമ്പളം ഗ്രാമപഞ്ചായത്തില്‍ ഗോവര്‍ദ്ധിനി പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ പദ്ധതി ഉദ്ഘാടനം ചെയ്തു.
നാല് മുതല്‍ ആറ് മാസം വരെ പ്രായമുള്ള സങ്കരയിനത്തില്‍പ്പെട്ട കന്നുകുട്ടികളെ തെരഞ്ഞെടുത്ത് 32 മാസം പ്രായമാകുന്നവരെയോ കിടാവ് പ്രസവിക്കുന്നതുവരെയോ അമ്പത് ശതമാനം സബ്സിഡിയോടുകൂടി കാലിതീറ്റ നല്‍കുന്ന പദ്ധതിയാണിത്. ഈ കാലയളവില്‍ കന്നുകുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. കാലിത്തീറ്റയുടെ വിലവര്‍ദ്ധന മൂലം ബുദ്ധിമുട്ടുന്ന ക്ഷീരകര്‍ഷകര്‍ക്ക് അവരുടെ കന്നുകുട്ടികളെ പരിപാലിക്കുന്നതിന് ആശ്വാസം നല്‍കുന്നതാണ് പദ്ധതി.
ആനുകൂല്യം ലഭിക്കാന്‍ ക്ഷീരകര്‍ഷകര്‍ കന്നുകുട്ടി ജനിച്ചയുടന്‍ മൃഗാശുപത്രിയിലോ ഡിസ്പെന്‍സറിയിലോ ഐ.സി.ഡി.പി. സബ് സെന്ററിലോ രജിസ്റ്റര്‍ ചെയ്യണം. ഒരു കര്‍ഷകന് രണ്ട് കന്നുകുട്ടികളെ വരെ രജിസ്റ്റര്‍ ചെയ്യാം. ഒരു പശുക്കുട്ടിക്ക് 12,500 രൂപയാണ് സബ്സിഡിയായി ലഭിക്കുന്നത്.
ചടങ്ങില്‍ ക്ഷീരസംഘം പ്രസിഡന്റ് രവി കാട്ടേഴന്‍ അധ്യക്ഷനായി. വെറ്ററിനറി സര്‍ജന്‍ ഡോ. ധന്യ പൈ പദ്ധതി വിശദീകരിച്ചു. സംഘം സെക്രട്ടറി  ദിവ്യ, ജനപ്രതിനിധികള്‍, ക്ഷീര കര്‍ഷകര്‍, സംഘാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date