പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഇന്ന് തുടക്കമാകും
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഇന്ന് (ഡിസംബര്‍ ഒന്ന്) മുതല്‍ 11 വരെ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് പറഞ്ഞു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തില്‍ കൈപ്പുറത്തെ ആരവം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ എട്ടിന് ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തോടെ കേരളോത്സവത്തിന് തുടക്കം കുറിക്കും. പട്ടാമ്പി ബ്ലോക്കില്‍ പഞ്ചായത്ത് തലത്തില്‍ നടന്ന കേരളോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. അത്ലറ്റിക്സ് മത്സരങ്ങളില്‍ മാത്രം ഒന്നും രണ്ടും സ്ഥാനക്കാരെ പരിഗണിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഡിസംബര്‍ മൂന്നിന് രാവിലെ എട്ട് മുതല്‍ പട്ടാമ്പി എസ്.എന്‍.ജി.എസ്. കോളെജില്‍ ക്രിക്കറ്റും, മുതുതല ഗ്രാമപഞ്ചായത്തില്‍ രാവിലെ എട്ട് മുതല്‍ ചെസ് മത്സരവും, ജി.യു.പി സ്കൂള്‍ പട്ടാമ്പിയില്‍ രാവിലെ എട്ട് മുതല്‍ കലാ മത്സരങ്ങളും നടക്കും. ഷട്ടില്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍, വടംവലി, മത്സരങ്ങളില്‍ ഏഴ് വീതം ടീമുകളാണ് പങ്കെടുക്കുക. ഡിസംബര്‍ നാലിന് രാവിലെ എട്ടിന് പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ അമ്പാട്ടുപറമ്പ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ മത്സരവും, ഡിസംബര്‍ അഞ്ചിന് രാവിലെ എട്ട് മുതല്‍ പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ റോസ് ക്ലബ് ഗ്രൗണ്ടില്‍ വോളിബോള്‍ മത്സരവും നടക്കും.
ഡിസംബര്‍ ആറിന് രാവിലെ എട്ട് മുതല്‍ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തില്‍ വടംവലി മത്സരം, ഡിസംബര്‍ ഏഴിന് രാവിലെ എട്ട് മുതല്‍ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാടാനാംകുറുശ്ശി ആരതി ക്ലബ് ഗ്രൗണ്ടില്‍ കബഡി മത്സരം, ഡിസംബര്‍ പത്തിന് രാവിലെ എട്ട് മുതല്‍ കൊപ്പം ജി.വി.എച്ച്.എസ്. സ്കൂള്‍ മൈതാനത്ത് അത്ലറ്റിക്സ് മത്സരം എന്നിവ നടക്കുമെന്നും പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
- Log in to post comments