Skip to main content

കേരളത്തിലുള്ളത് ആരോഗ്യകരമായ തൊഴില്‍സംസ്‌കാരം: മന്ത്രി ടി പി രാമകൃഷ്ണന്‍

 

എറണാകുളം: കേരളത്തിലുള്ളത് ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരമാണെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള തൊഴിലാളികളുടെ മക്കളില്‍ 2018ലെ എസ്.എസ്.എല്‍.സി/ സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ 116 വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് പ്രതിഭം - 2018 എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  തൊഴിലും തൊഴിലവകാശങ്ങും സംരക്ഷിച്ചും തൊഴിലാളികളുടേയും കുടുംബത്തിന്റെയും സാമൂഹിക സുരക്ഷ ഉറപ്പു വരുത്തിയും കേരളം രാജ്യത്തിന് മാതൃകയായി മാറിക്കഴിഞ്ഞു.

തൊഴിലാളി ക്ഷേമ നടപടികളില്‍ കേരളത്തെ മറികടക്കാന്‍ ഒരു സംസ്ഥാനത്തിനും സാധിച്ചിട്ടില്ല. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണ് കേരളം. തൊഴില്‍ സൗഹൃദവും നിക്ഷേപ സൗഹൃദവുമായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. ട്രേഡ് യൂണിയനുകളുടെയും തൊഴിലാളികളുടെയും  പൂര്‍ണ്ണ സഹകരണത്തോടെയാണ് ഈ അന്തരീക്ഷം സൃഷ്ടിക്കാനായത്. ആരോഗ്യകരമായ ഒരു തൊഴില്‍ സംസ്‌കാരം കേരളത്തില്‍ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിഞ്ഞു. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുകയും അമിത കൂലി വാങ്ങുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിച്ചു. എന്നാല്‍ ഈ തീരുമാനത്തിന്റെ മറവില്‍ തൊഴിലാളികളുടെ അര്‍ഹമായ ജോലിയും വേതനവും നിഷേധിക്കുന്ന പ്രവണത ഒരു കാരണവശാലും സര്‍ക്കാര്‍ അംഗീകരിക്കില്ല. ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചുമട്ടു തൊഴിലാളികളുടെ ക്ഷേമാനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചു. സമാന സ്വഭാവമുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ അംഗത്വത്തിന്റെയും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ സംയോജിപ്പിച്ച് ശാക്തീകരിക്കും. 

 

സ്വര്‍ണ പതക്കവും സര്‍ട്ടിഫിക്കറ്റും നല്‍കിയാണ് വിജയികളായ വിദ്യാര്‍ത്ഥികളെ മന്ത്രി അനുമോദിച്ചത്. കൂടാതെ ഇന്ത്യന്‍ വോളിബോള്‍ അണ്ടര്‍ 19 ടീമിലേക്ക് യോഗ്യത നേടുകയും ഈ മാസം ഇറാനില്‍ നടന്ന ഏഷ്യന്‍ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുകയും ചെയ്ത അഭിഷേകിന് 5001 രൂപയും മൊമെന്റോയും സമ്മാനമായി നല്‍കി.

 

കഠിനമായ ജോലി സാഹചര്യം അനുഭവിക്കുന്ന രക്ഷിതാക്കള്‍ക്ക് വലിയ അഭിമാനം പകരുന്നതാണ് വിദ്യാര്‍ത്ഥികളുടെ ഈ വിജയമെന്ന് മന്ത്രി പറഞ്ഞു. ചുമട്ടുതൊഴിലാളികളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. അടുത്ത രണ്ടുവര്‍ഷത്തില്‍ ഒന്നുമുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ ക്ലാസ്സുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആക്കാനാണ് ഉദ്ദേശമെന്ന് മന്ത്രി പറഞ്ഞു.

 

ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് ഇഷ്ടമുള്ള വിഷയം പഠിക്കാന്‍ സാമ്പത്തികം ഒരു തടസമാകില്ലെന്നും ഏത് പഠനത്തിന് വേണ്ടിയുള്ള സാമ്പത്തിക സഹായവും ബോര്‍ഡ് ലഭ്യമാക്കുമെന്നും കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കാട്ടാക്കട ശശി പറഞ്ഞു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് പൊതു പരീക്ഷകളില്‍ മികച്ച വിജയം നേടുന്ന തൊഴിലാളികളുടെ മക്കളെ ബോര്‍ഡ് അനുമോദിക്കുന്നത്.

 

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവും അഡീഷണല്‍ നിയമ സെക്രട്ടറിയുമായ എസ് ഷൈജ, ലേബര്‍ കമ്മീഷണര്‍ എ. അലക്‌സാണ്ടര്‍ ഐഎഎസ്, ധനകാര്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വി. രാജപ്പന്‍, തൊഴില്‍ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡി. ലാല്‍, നിയമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എ. മുഹമ്മദ് ഹുസൈന്‍, ബോര്‍ഡ് അംഗങ്ങളായ വര്‍ക്കല കഹാര്‍, പി.എ.എം ഇബ്രാഹിം, എം. മുസ്തഫ, , ബിന്നി ഇമ്മട്ടി, സി. കുഞ്ഞാതുകോയ, കെ. വേലു, പി.വി ഹംസ, കമലാലയം സുകു, ഹയര്‍ഗ്രേഡ് അക്കൗണ്ട്‌സ് ഓഫീസര്‍ എസ്. മിനി, മറ്റ് ബോര്‍ഡ് അംഗങ്ങള്‍, തൊഴിലാളികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date