Skip to main content
Janani

എല്ലാവര്‍ക്കും വീട് യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

 

കൊച്ചി: സംസ്ഥാനത്ത് എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.  പാവപ്പെട്ട നഗര തൊഴിലാളികള്‍ക്കും താഴ്ന്ന വരുമാനമുള്ള തൊഴിലാളികള്‍ക്കും അപ്പാര്‍ട്ട്‌മെന്റ് നല്‍കാനുള്ള ജനനി പദ്ധതിയുടെ പോഞ്ഞാശേരി സ്‌കീം ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം. തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരളയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ വര്‍ഷങ്ങളായി വിവിധ  ഭവന പദ്ധതികള്‍ നടപ്പാക്കി വരുന്നു. എന്നിട്ടും സംസ്ഥാനത്തെ പാര്‍പ്പിട പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ജനനി, ലൈഫ് തുടങ്ങിയ പദ്ധതികളുമായി മുന്നോട്ടു പോകുന്നത്. ഭവന പദ്ധതിയിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡങ്ങളെ കുറിച്ച് ചില ആശങ്കകളുണ്ട്. ജനങ്ങളുടെ എല്ലാ ആശങ്കകളും ദൂരീകരിച്ച ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് അടക്കം എല്ലാ കാര്യങ്ങളും വിവിധ ഘട്ടങ്ങളില്‍ കൃത്യമായി വിലയിരുത്തും. 

ജനനി പദ്ധതിയില്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് പരിഗണന നല്‍കും. ഇടുക്കി അടിമാലിയില്‍ ജനനി പദ്ധതിയുടെ 216 അപ്പാര്‍ട്ട്‌മെന്റിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. ഒരു വീടിന് 11 ലക്ഷം രൂപ നിശ്ചയിച്ച് ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്യും. പോഞ്ഞാശേരി സ്‌കീമില്‍ വെങ്ങോല പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.

715 സ്‌ക്വയര്‍ഫീറ്റ് വീതമുള്ള 296 അപ്പാര്‍ട്ട്‌മെന്റുകളാണ് പോഞ്ഞാശേരി സ്‌കീമില്‍ നിര്‍മ്മിക്കുന്നത്. രണ്ട് ബെഡ്‌റൂം, ഡ്രോയിങ് കം ഡൈനിങ് റൂം, അടുക്കള വര്‍ക് ഏരിയ, അഗ്‌നി സുരക്ഷാസംവിധാനം, മലിനജല ശുദ്ധീകരണ പ്ലാന്റ്,  പാര്‍ക്കിംഗ് സൗകര്യം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 2019 ഡിസംബറിനകം പണി പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡാണ് അപ്പാര്‍ട്ട്‌മെന്റ് നിര്‍മിക്കുന്നത്.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷനായിരുന്നു. ഭവനം ഫൗണ്ടേഷന്‍ കേരള എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ ബിജു, പ്ലാനിങ് ബോര്‍ഡ് അംഗം ഡോക്ടര്‍ കെ രവി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ മുംതാസ്, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ ലിജു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date