ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കും: മന്ത്രി വീണാ ജോർജ്
* ആന്റിബയോട്ടിക്ക് പ്രതിരോധത്തിന്റെ തോത് കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമായി നടപ്പിലാക്കും
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കാൻ കർശന നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കർസാപ്പ് (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) വാർഷിക അവലോകന യോഗത്തിലാണ് നിർദേശം നൽകിയത്.
കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. മാത്രമല്ല മൃഗങ്ങൾക്കിടയിലും പരിസ്ഥിതി, ഫിഷറീസ്, അക്വാകൾച്ചർ തുടങ്ങിയ വിഭാഗങ്ങളിൽ നടന്ന പഠനങ്ങളിലും ആന്റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടു വരുന്നത്. എല്ലാ മേഖലകളിലുമുള്ള അശാസ്ത്രീയമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗമാണ് ഇതിലേക്ക് നയിച്ചതെന്നും യോഗം വിലയിരുത്തി.
മനുഷ്യരിൽ മാത്രമല്ല, മൃഗപരിപാലനം, കോഴിവളർത്തൽ, മത്സ്യകൃഷി തുടങ്ങിയവയിലും കൂടുതലായി അശാസ്ത്രീയമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരിസ്ഥിതിയിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ പോലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ കഴിവുള്ള ബാക്ടീരിയകളേയും ജീനുകളേയും ആന്റിബയോട്ടിക് അംശവും കണ്ടെത്തിയിട്ടുണ്ട്. ആന്റിബയോട്ടിക് പ്രതിരോധം കൂടാനുള്ള ഒരു മുഖ്യകാരണമായി വിലയിരുത്തിയത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാർമസികളിൽ നിന്നും നേരിട്ട് ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നതു കൊണ്ടാണ്. അത് കർശനമായി വിലക്കിക്കൊണ്ടുള്ള നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.
കേരളത്തിൽ നടത്തിവരുന്ന ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ആന്റിബയോട്ടിക് സാക്ഷരതയ്ക്കുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മാധ്യമങ്ങളുടെ പിന്തുണയോടെ അവബോധവും ശക്തിപ്പെടുത്തും.
കാർബപെനം മരുന്നുകളെ പ്രതിരോധിക്കാൻ കഴിവുള്ള രക്തത്തിലുള്ള അണുബാധകളെ പ്രത്യേകം നോട്ടിഫയബിൾ കണ്ടീഷനാക്കി പ്രഖ്യാപിക്കുന്നത് പരിശോധിക്കും. കേരളത്തിലെ ഏത് ആശുപത്രിയിലും കാർബപെനം മരുന്നുകളെ പ്രതിരോധിക്കാൻ കഴിവുള്ള രക്തത്തിലുള്ള അണുബാധ കണ്ടെത്തിക്കഴിഞ്ഞാൽ അത് ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദേശം നൽകി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡ്വൈസർ ഡോ. എം.സി. ദത്തൻ, ഫുഡ് സേഫ്റ്റി കമ്മീഷണർ വി.ആർ. വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ഐ.എസ്.എം. ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, ഡ്രഗ്സ് കൺട്രോളർ ഡോ. ജയൻ, പൊല്ലൂഷൻ കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. ഷീല മോസസ്, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. നന്ദകുമാർ, കർസാപ്പ് നോഡൽ ഓഫീസർ ഡോ. മഞ്ജുശ്രീ, വർക്കിംഗ് കമ്മിറ്റി കൺവീനർ ഡോ. അരവിന്ദ്, ഐഎംഎ പ്രതിനിധി ഡോ. ഗോപികുമാർ, മൃഗസംരക്ഷണ വകുപ്പ് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. സ്വപ്ന സൂസൻ മാത്യു, വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ആന്റിബയോട്ടിക് പ്രതിരോധത്തിൽ നമുക്കും പങ്കാളികളാകാം
മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാൽ ഇവയ്ക്കെതിരെ ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല.
ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ.
ഒരിക്കലും ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
ചികിത്സ കഴിഞ്ഞു ശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ ഒരിക്കലും ഉപയോഗിക്കരുത്.
ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകൾ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
രോഗശമനം തോന്നിയാൽ പോലും ഡോക്ടർ നിർദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂർത്തിയാക്കണം.
ആന്റിബയോട്ടിക്കുകൾ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാൻ പാടില്ല.
അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുക.
രോഗികളുമായുളള സമ്പർക്കം ഒഴിവാക്കുക.
പ്രതിരോധ കുത്തിവയ്പുകൾ കാലാനുസൃതമായി എടുക്കുക.
കേരളത്തിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും ആന്റിബയോട്ടിക് സ്മാർട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സന്ദേശം ഈ കേന്ദ്രങ്ങൾ വഴി പരമാവധിപേരിലെത്തിക്കും.
പി.എൻ.എക്സ്. 6230/2022
- Log in to post comments