മുല്ലപ്പെരിയാര്‍; സുരക്ഷ നടപടികള്‍ കൂടുതല്‍ ശക്തമാക്കും
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിടുന്ന സാഹചര്യമുണ്ടായാല്‍ തീരദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ എല്ലാം കൂടുതല്‍ ശക്തമാക്കുമെന്നും ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാകളക്ടര്‍ കെ.ജീവന്‍ ബാബു പറഞ്ഞു. ഡാം തുറന്നുവിടുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളം 142 അടിയില്‍ എത്തിയാലാണ് ഡാം തുറക്കുക. 136 അടിയില്‍ എത്തുമ്പോഴാണ് ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുക. തുടര്‍ന്ന് ഓരോ അടി ഉയരുമ്പോഴും ഇതുസംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കും. മഴ ശക്തമായി തുടരുകയും നീരൊഴുക്ക് കൂടുകയും ചെയ്താല്‍ മാത്രമേ ഡാം തുറക്കേണ്ട സാഹചര്യമുള്ളൂ. മുന്നറിയിപ്പ് നല്‍കിയശേഷമേ ഡാം തുറക്കുന്ന സാഹചര്യമുണ്ടാകൂ എന്നും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ജനങ്ങളില്‍ യഥാസമയം എത്തിക്കുമെന്നും ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും കളക്ടര്‍ പറഞ്ഞു സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജ പ്രചരണങ്ങളില്‍ ആശങ്കാകുലരാകേണ്ട ആവശ്യമില്ല.. വിവിധ വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍.ഡി.ഒ എം.പി വിനോദിനെ ചുമതലപ്പെടുത്തി. ജില്ലാ കളക്ടര്‍, ആര്‍.ഡി.ഒ എന്നിവരുടെ അറിവോടെ മാത്രമേ ഉദ്യോഗസ്ഥരോ പഞ്ചായത്തോ ഔദ്യോഗികമായി മുന്നറിയിപ്പ് സന്ദേശം നല്‍കാവൂ എന്നും കളക്ടര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടാല്‍ ബാധിക്കുന്ന കുടുംബംങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിശദാംശങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ശേഖരിച്ചിട്ടുണ്ട്. ഇതുപ്രകാരം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് തല യോഗങ്ങള്‍ ചേര്‍ന്ന് ആളുകളെ വിശദാംശങ്ങള്‍ ധരിപ്പിക്കും. ഇതിനുമുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും ബന്ധപ്പെട്ടവുരുടെ യോഗം വിളിച്ച് കാര്യങ്ങള്‍ അടുത്തദിവസം മുതല്‍ വിശദീകരിക്കും. പ്രദേശത്ത് കത്താത്ത ലൈറ്റുകളുടെയും അവ സ്വന്തം നിലയില്‍ പുനസ്ഥാപിക്കാവുന്നതിന്റെയും പട്ടിക ഇന്ന് വൈകിട്ട് എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും ജില്ലാ കളക്ടര്‍ക്ക് നല്‍കും. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടിവന്നാല്‍ അവരെ പാര്‍പ്പിക്കാനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവിടെ അവര്‍ക്കുവേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ആളുകളെ ഒഴിപ്പിക്കാനുള്ള എല്ലാ വഴികളും ഗാതാഗത ക്ഷമമാക്കും. ഒഴിപ്പിക്കേണ്ടിവന്നാല്‍ നടക്കാന്‍ വയ്യാത്തവെരെയും പ്രായമായവരെയും കുട്ടികളെയും ആദ്യം ഒഴിപ്പിക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി എല്ലാ വില്ലേജുകളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശത്തെ ചെക്ക് ഡാമുകള്‍ മൈനര്‍ ഇറിഗേഷന്‍, റവന്യു, പഞ്ചായത്ത്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം നേരിട്ട് പരിശോധിക്കും. അപകടാവസ്ഥയിലുള്ളത് ഒഴികെയുള്ള ചെക്ക് ഡാമുകള്‍ അനുമതിയോടെ മാത്രമേ തുറന്നുവിടുകയുള്ളൂ.
പകര്‍ച്ച വ്യാധികള്‍ പടാരാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിക്കുമെന്നും കളക്ടര്‍ പറഞ്ഞു. വണ്ടിപ്പെരിയാറിലെ കമ്യൂണിറ്റി സെന്ററില്‍ വെള്ളം കയറാന്‍ സാധ്യത ഉള്ളതുകൊണ്ട് പകരം കെട്ടിടം കണ്ടെത്തിയാല്‍ മാറ്റി സ്ഥാപിക്കാന്‍ അനുമതി ലഭ്യമാക്കും.പ്രദേശത്ത് ഉള്ള എല്ലാ ആംബുലന്‍സുകളുടെയും പട്ടിക ഡ്രൈവര്‍മാരുടെ ഫോണ്‍നമ്പര്‍ സഹിതം തയ്യാറാക്കി നല്‍കാന്‍ ആര്‍.റ്റി.ഒ യെ ചുമതലപ്പെടുത്തി. തോട്ടം മേഖലയിലെ എല്ലാ റോഡുകളും തുറന്നിടണമെന്ന നിര്‍ദേശം നല്‍കാന്‍ ആര്‍.ഡി.ഒ യെ ചുമതലപ്പെടുത്തി. വിസമ്മതിക്കുന്നവരുടെ റോഡുകള്‍ ബലമായി തുറക്കേണ്ട സാഹചര്യം വന്നാല്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി. ഇ.എസ് ബിജിമോള്‍ എം.എല്‍.എ, ആര്‍.ഡി.ഒ എം.പി വിനോദ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ ജാഗ്രത വേണം: ജനപ്രതിനിധികള്‍
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ദുരന്ത നിവരാണ പ്രവര്‍ത്തനങ്ങളില്‍ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മുന്‍കാലത്ത് 136 അടി ഉയര്‍ന്നപ്പോഴാണ് വെള്ളം തുറന്നുവിട്ടിരുന്നതെന്നും ഇപ്പോള്‍ 142 അടിയില്‍ എത്തുമ്പോഴാണ് ഡാം തുറക്കാനുള്ള സാഹചര്യമെന്നും മുന്നൊരുക്കങ്ങളില്‍ ഇതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉണ്ടാകണമെന്നും അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു. പെരിയാര്‍ തീരനിവാസികളുടെ ആശങ്ക അകറ്റുന്നതിനുള്ള നടപടികള്‍ക്ക് പ്രധാന പരിഗണന നല്‍കണം. വെള്ളം 142 അടിയില്‍ എത്തുമ്പോഴുള്ള ഷട്ടര്‍ മാനേജ്‌മെന്റ് മാനുവല്‍ കേരളത്തിന് നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും എം.പി പറഞ്ഞു. മുന്‍സാഹചര്യങ്ങളില്‍ നിന്ന് വ്യത്യതമായി ഇത്തവണ ഡാം തുറന്നാല്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളം കയറാനും പാലങ്ങള്‍ അപകടത്തിലാകാനും സാധ്യത ഉണ്ടെന്ന് ഇ.എസ്.ബിജിമോള്‍ ചൂണ്ടിക്കാട്ടി. നേരത്തെ തയ്യാറാക്കിയിട്ടുള്ള രക്ഷാപ്രവര്‍ത്തന പദ്ധതിയില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തണം എന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് പുതിയ റൂട്ട് കണ്ടെത്തണമെന്നും എം.എല്‍.എ പറഞ്ഞു. പ്രദേശത്ത് അടിയന്തിര ഘട്ടത്തില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ നടപടി വേണം എന്നും റവന്യുവകുപ്പ് ഇക്കാര്യം ഉറപ്പാക്കണം. ജോലിക്കാരുടെ കുറവ് ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ താല്‍ക്കാലിക നിയമനം നടത്തണം എന്നും എം.എല്‍.എ പറഞ്ഞു.
- Log in to post comments