ഇടുക്കി ഡാം: മുന്നോരുക്കങ്ങള്‍ വിലയിരുത്തി.
ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട രക്ഷാ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ഇടുക്കി താലൂക്ക് ഓഫീസല്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ അവലോകനം ചെയ്തു. ഡാം തുറക്കുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായശ്രമത്തിലൂടെ അടിയന്തര സാഹചര്യങ്ങളെ നേരിടണമെന്നും പഞ്ചായത്ത് തലത്തില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേകമായ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ തീരുമാനിച്ചതായും അവലോകന യോഗത്തില്‍ റോഷി അഗസ്റ്റിയന്‍ എം എല്‍ എ പറഞ്ഞു. വാത്തിക്കുടി, വാഴത്തോപ്പ്, മരിയപുരം, കൊന്നത്തടി, വെള്ളത്തൂവല്‍ എന്നീ പഞ്ചായത്തുകളില്‍ പഞ്ചായത്തുതല യോഗം ചേര്‍ന്ന് പൊതുജനങ്ങളുടെ സ്ഥിതിഗതികള്‍ പരിശോധിക്കണം, ആളുകളെ മാറ്റി പാര്‍പ്പിക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാറ്റി പാര്‍പ്പിക്കേണ്ടവരുടെ വീടുകളില്‍ നേരിട്ടെത്തി നോട്ടീസ് നല്‍കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ മുന്നോട്ടുവെച്ചു. ഡാം തുറക്കുന്നത് കാണാനായി ജില്ലയിലേക്ക് നിരവധി ആളുകള്‍ എത്തുന്നതിനാല്‍ അത്തരം സാഹചര്യത്തില്‍ അപകടങ്ങളുണ്ടാകാതിരിക്കാന്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും എം എല്‍ എ പറഞ്ഞു. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ദേശീയ ദുരന്തനിവാരണസേനയും ഞായറാഴ്ച്ച രാത്രിയോടെ ഇടുക്കിയില്‍ എത്തി. പഞ്ചായത്ത് അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വരും ദിവസങ്ങളില്‍ ദുരന്തനിവാരണസേന പരിശോധിക്കും.അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ 31 ന് അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ നടത്താനും ഡാം സേഫ്റ്റി വിഭാഗം തീരുമാനിച്ചിട്ടുണ്ട്. പരീക്ഷണത്തിന്റെ ഭാഗമായി 40 സെന്റീമീറ്ററാണ് ഉയര്‍ത്തുക. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ അണക്കെട്ട് തുറന്ന് വിടുമ്പോള്‍ വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള സാഹചര്യം ഒരുക്കാന്‍വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഇടുക്കി എ ഡി പി.ജി രാധാകൃഷണന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡാം തുറന്നുവിടുന്നതിനു മുമ്പുള്ള പരീക്ഷണ തുറക്കലില്‍ ഏതൊക്കെ മേഖലകളിലേക്ക് വെള്ളം എത്താനുള്ള സാധ്യതകളുണ്ടെന്ന് പരിശോധിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്നും എ ഡി എം പറഞ്ഞു. ജനപ്രതിനിധികള്‍, പഞ്ചായത്ത്, വില്ലേജ്, കൃഷിഭവന്‍, ആരോഗ്യവകുപ്പ്, പോലീസ്, ഫയര്‍, ആനിമില്‍ ഹസ്ബെന്‍ഡറി, കൃഷി, വൈദ്യുതി ബോര്‍ഡ്, പി.ഡബ്ലു.ഡി റോഡ്സ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments