പഠന നിലവാരം മെച്ചപ്പെടുത്താനുള്ള കർമപദ്ധതികൾ ചർച്ച ചെയ്ത് മികവുൽസവം ശിൽപശാല; കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ശക്തിയാർജ്ജിക്കുന്നു: വി.സി
ജില്ലയിലെ സ്‌കൂൾ വിദ്യാഭ്യാസ രംഗം മികവിന്റെ കാര്യത്തിൽ സംസ്ഥാന ശരാശരിയെക്കാൾ ഏറെ മുന്നിലാണെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച മികവുൽസവം- 2018 വിദ്യാഭ്യാസ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്കാദമിക മികവിനൊപ്പം വിദ്യാഭ്യാസ രംഗത്ത് അവസര സമത്വമുണ്ടാവുകയെന്നത് വളരെ പ്രധാനമാണെന്ന് വൈസ് ചാൻസലർ പറഞ്ഞു. വടക്കേ ഇന്ത്യയിൽ പൊതുവിദ്യാഭ്യാസ രംഗം ഏറെക്കുറെ നശിച്ചുകഴിഞ്ഞു. അത്യാവശ്യം പണമുള്ളവരൊക്കെ സ്വകാര്യ മേഖലയെയാണ് ഇവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്. എന്നാൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം നാൾക്കുനാൾ ശക്തിപ്രാപിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തുസംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളെ അപ്പപ്പോൾ സ്വാംശീകരിക്കാൻ സ്‌കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് കഴിയണം. ഇതിനനുസൃതമായ പരിശീലന പരിപാടികൾ അധ്യാപകർക്കായി ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്.എസ്.എൽ.സി- ഹയർ സെക്കന്ററി പരീക്ഷകളിൽ 100 ശതമാനം വിജയം എന്നതോടൊപ്പം ഓരോവിദ്യാർഥിയുടെയും അക്കാദമിക മികവ് ഉയർത്തുന്നതിനു വേണ്ടിയുള്ള പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷം 1997 ആയിരുന്നത് ഈ വർഷം 3320 ആയി ഉയർത്താൻ സാധിച്ചു. ഈ വർഷം ഇക്കാര്യത്തിൽ കൂടുതൽ മികവ് പുലർത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കാൻ കഴിയാത പോയ സ്‌കൂളുകളെ പ്രത്യേകമായി പരിഗണിച്ച് പഠന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പഠനത്തിൽ പിന്നാക്കമായ കുട്ടികൾക്കായി പ്രത്യേക ക്യാംപുകൾ സംഘടിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അധ്യാപകർ, വിദ്യാർഥികൾ, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ജില്ലയ്ക്ക് മികച്ച നേട്ടം കൈവരിക്കാനായത്. എന്നാൽ വിദ്യാലയങ്ങളിൽ അക്കാദമിക-ഭൗതിക സൗകര്യങ്ങളൊരുക്കുന്നതിൽ ചിലയിടങ്ങളിലെങ്കിലും വേണ്ടത്ര ശ്രദ്ധയുണ്ടാവുന്നില്ലെന്ന് പരാതിയുണ്ട്. ഇക്കാര്യത്തിൽ എല്ലാ വിഭാഗങ്ങളും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എസ്.എസ്.എൽ.സി- ഹയർ സെക്കന്ററി പരീക്ഷകളിൽ 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകൾക്കുള്ള ഉപഹാരസമർപ്പണം അസിസ്റ്റന്റ് കലക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. ഡയറ്റ് പ്രിൻസിപ്പാൾ പി യു രമേശൻ, ഹയർ സെക്കന്ററി ജില്ലാ കോ-ഓർഡിനേറ്റർ പി ഒ മുരളീധരൻ എന്നിവർ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ പി ജയബാലൻ മാസ്റ്റർ, വി കെ സുരേഷ്ബാബു, കെ ശോഭ, ടി ടി റംല, മെംബർ അജിത്ത് മാട്ടൂൽ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ കെ വി ലീല, ഹയർ സെക്കന്ററി റീജ്യണൽ ഡെപ്യൂട്ടി ഡയരക്ടർ എം കെ ജയപ്രകാശ്, വൊക്കേഷനൽ ഹയർസെക്കന്ററി വിഭാഗം അസിസ്റ്റന്റ് ഡയരക്ടർ പി ടി വിനോദ് കുമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ കെ രവി, സയൻസ് പാർക്ക് ഡയരക്ടർ എ വി അജയകുമാർ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ സ്വാഗതവും സെക്രട്ടറി വി ചന്ദ്രൻ നന്ദിയും പറഞ്ഞു.
- Log in to post comments