Skip to main content
a

ബാലാവകാശ സംരക്ഷണം പ്രാദേശിക കൂട്ടായ്മകള്‍ ശക്തമാക്കണം - വീണാജോര്‍ജ് എംഎല്‍എ

    കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് പ്രാദേശിക കൂട്ടായ്മകള്‍ ശക്തിപ്പെടണമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. കോഴഞ്ചേരി സെന്‍റ് തോമസ് കോളേജില്‍ ബാലാവകാശ വാരാചരണത്തിന്‍റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. കുട്ടികളുടെ സംരക്ഷണം  ഉറപ്പാക്കുന്നതിന് ഏറ്റവും പ്രധാനം പ്രാദേശികമായ കൂട്ടായ്മകളുടെ രൂപീകരണമാണ്. മുന്‍കാലങ്ങളില്‍ നമ്മുടെ സാമൂഹ്യ വ്യവസ്ഥയില്‍ ഇത്തരം കൂട്ടായ്മകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊതുസമൂഹത്തിന്‍റെ ഇടപെടലുകള്‍ പല  കാര്യങ്ങളിലും കുറഞ്ഞതാണ് ബാലാവകാശ ലംഘനങ്ങള്‍ ഉണ്ടാകാന്‍ പ്രധാന കാരണം. 
    കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രധാന പങ്ക് വഹിക്കുവാന്‍ കഴിയും. ലഹരി, ശാരീരിക അതിക്രമങ്ങള്‍ തുടങ്ങി പലവിധ ചൂഷണങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ വിധേയരാകുന്നുണ്ട്. ഇതിനെതിരെയുള്ള ബോധവത്ക്കരണം നടത്താനും കുറ്റക്കാരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാനും വിദ്യാര്‍ഥി സംഘടനകള്‍ ശ്രമിക്കണം. സ്വാതന്ത്ര്യത്തോടെ കളിച്ച് നടക്കേണ്ട കുട്ടികള്‍ക്ക് ഇന്ന് ആ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നു. കുട്ടികളെ എവിടേക്കും സുരക്ഷിതമായി പറഞ്ഞുവിടാന്‍ കഴിയാത്ത ഒരു അവസ്ഥയാണുള്ളത്. സങ്കീര്‍ണമായ ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടത് ഓരോ പൗരന്‍റെയും കടമയാണെന്നും എംഎല്‍എ പറഞ്ഞു. 
    കുട്ടികള്‍ രാഷ്ട്രത്തിന്‍റെ സ്വത്താണ്. അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കളോടൊപ്പം പൊതുസമൂഹത്തിനുമുണ്ട്. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികള്‍ ചൂഷണത്തിന് വിധേയരാകാതിരിക്കാനും അവര്‍ ഉത്തമ പൗരډാരായി വളരുന്നുവെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍, ജനകീയ സംവിധാനങ്ങള്‍ ഏകോപിതമായി പ്രവര്‍ത്തിക്കണമെന്നും എംഎല്‍എ പറഞ്ഞു. 
    ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോശാമ്മ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഡിഎം അനു എസ്.നായര്‍, കോളേജ് പ്രിന്‍സിപ്പല്‍  കെ.സി.സക്കറിയ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ജോണ്‍ ജേക്കബ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ അബീന്‍, ഷാന്‍ രമേശ് ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
    ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ അവകാശ സംരക്ഷണം വിദ്യാര്‍ഥി സംഘടനകളുടെ പങ്ക് എന്ന വിഷയത്തില്‍ ജില്ലയിലെ കോളേജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 കോളേജ് യൂണിയന്‍ ഭാരവാഹികളുട സംവാദവും നടന്നു. 
                                          (പിഎന്‍പി 3107/17)

date