രാരോത്ത് ഗവ. ഹൈസ്‌കൂള്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കും
കെട്ടിടം തകര്‍ന്നു വീണ രാരോത്ത് ഗവ. ഹൈസ്‌കൂളില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ സാന്നിധ്യത്തില്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പത്താംക്ലാസുകാരുടെ ബാച്ച് രാവിലത്തെ സെക്ഷനില്‍ ഉള്‍പ്പെടുത്താനും ഉച്ചക്ക് ശേഷം ഇവര്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കാനും തീരുമാനിച്ചു.
പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഓണം അവധിക്കു ശേഷം ഹൈസ്‌കൂള്‍ വിഭാഗം ക്ലാസുകള്‍ അവിടേക്ക് മാറ്റും. സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റടക്കമുള്ള നടപടി ക്രമങ്ങള്‍ പെട്ടന്ന് പൂര്‍ത്തീകരിച്ച് കൊടുക്കാന്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നിലവിലെ സമ്പ്രദായത്തില്‍ രാവിലെ മുതല്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് പ്രധാനധ്യാപിക കെ.ഹേമലത അറിയിച്ചു. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ട ഭാഗങ്ങള്‍ പൊളിച്ചു നീക്കിയതിന് ശേഷം മാത്രമേ മറ്റ് ക്ലാസുകള്‍ ആരംഭിക്കുകയുള്ളൂ. ഇതിന് പിന്നീട് അറിയിപ്പ് നല്‍കും. കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള അനുമതി ജില്ലാ കലക്ടറില്‍ നിന്ന് ലഭിച്ച ശേഷം വ്യാഴാഴ്ച പിടിഎയുടെ നേതൃത്വത്തില്‍ അവശിഷ്ട ഭാഗങ്ങള്‍ നീക്കം ചെയ്യും.
ജീര്‍ണാവസ്ഥയിലുള്ള മറ്റ് മൂന്ന് കെട്ടിടങ്ങളും ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ച ശേഷം പൊളിച്ചുനീക്കും. ഇതിനായി ജില്ലാ കലക്ടര്‍ക്ക് സ്‌കൂള്‍ അധികൃതര്‍ അപേക്ഷ നല്‍കി. എല്‍പി, യുപി, ഹെസ്‌കൂള്‍ വിഭാഗങ്ങളിലായി 32 ഡിവിഷനുകളാണ് രാരോത്ത് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. കെട്ടിടം വീണതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി ഉപയോഗിച്ച് ഈ കെട്ടിടങ്ങള്‍ക്ക് മുകളിലായി ക്ലാസ് മുറികള്‍ നിര്‍മ്മിക്കും. മൂന്ന് തവണയായി 1.80 കോടിയാണ് ജില്ലാ പഞ്ചായത്ത് രാരോത്ത് സ്‌കൂളിന് അനുവദിച്ചത്.
ജില്ലാ ഭരണകൂടത്തില്‍ നിന്ന് ലഭിക്കേണ്ട സഹായങ്ങള്‍ അടിയന്തിരമായി അനുവദിക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് യോഗത്തില്‍ അറിയിച്ചു. സ്‌കൂള്‍ നേരത്തെ വിടാനുള്ള തീരുമാനം വലിയൊരു അപകടത്തില്‍ നിന്നാണ് നാടിനെ രക്ഷപ്പെടുത്തിയതെന്നും കലക്ടര്‍ പറഞ്ഞു. കെട്ടിടം തകര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ഒരു കോടി അനുവദിച്ച സര്‍ക്കാറിന്റെ തീരുമാനം മാതൃകാപരമാണെന്ന് യോഗത്തില്‍ സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. തുറന്ന മനസ്സോടെയുള്ള അനുഭാവപൂര്‍വമായ സമീപനമാണ് ഇക്കാര്യത്തില്‍ ജില്ലാ പഞ്ചായത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് രാരോത്ത് ഗവ. ഹൈസ്‌കൂളിലെ യുപി വിഭാഗത്തിലെ മൂന്ന് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന ഓട് മേഞ്ഞ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണത്. രാവിലത്തെ കനത്ത മഴയെ തുടര്‍ന്ന് സ്‌കൂള്‍ നേരത്തെ വിടണമെന്ന് ഡിഡിഇ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, ജില്ലാ പഞ്ചായത്ത് അംഗം എം എ ഗഫൂര്‍, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, ഡിഡിഇ ഇ കെ സുരേഷ്‌കുമാര്‍, ഡിഇഒ കെ എസ് കുസുമം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മൈമൂന ഹംസ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി ഹുസയിന്‍, വാര്‍ഡ് മെമ്പര്‍ വസന്ത ചന്ദ്രന്‍, എഇഒ എന്‍.പി മുഹമ്മദ് അബ്ബാസ്, ബിപിഒ വി.എം മെഹറലി, ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടിവ് എന്‍ജിനീയര്‍ മുഹമ്മദ് അഷ്റഫ്, പ്രധാനധ്യാപിക കെ ഹേമലത, പിടിഎ പ്രസിഡന്റ് പി.കെ സലിം, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments