Skip to main content

'സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2018' സര്‍വ്വേയ്ക്ക്   ജില്ലയില്‍ തുടക്കമാകുന്നു    

രാജ്യത്തെ എല്ലാ ജില്ലകളെയും ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയിലൂടെ വിലയിരുത്തി റാങ്ക് നല്‍കുന്നതിന് കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയം 'സ്വച്ഛ് സര്‍വ്വേക്ഷണ്‍ ഗ്രാമീണ്‍ 2018' ന് തുടക്കമിട്ടു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം ആറിന് രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ജില്ലയിലെ എല്ലാ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യും. 
    സ്‌കൂളുകള്‍, അംഗനവാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ചന്തകള്‍, പഞ്ചായത്തുകള്‍, ബീച്ചുകള്‍, ആരാധനാലയങ്ങള്‍ മുതലായ പൊതുഇടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി മെച്ചപ്പെടുത്തുന്നതില്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലാതല സര്‍വ്വേയിലൂടെയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. ടോയ്‌ലറ്റുകളുടെ ലഭ്യത, ഉപയോഗം, വൃത്തി, പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയല്‍ സ്ഥിതി, വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ എന്നിവയും വിലയിരുത്തും. ഈ മാസം 31 വരെയാണ് സര്‍വ്വെ. തെരെഞ്ഞെടുക്കപ്പെടുന്ന ജില്ലകള്‍ക്ക് ഒക്‌ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ അവാര്‍ഡുകള്‍ നല്‍കും. 
     എസ്എസ്ജി 18 ( എസ്എസ്ജി സ്‌പേയ്‌സ് 18) എന്നുള്ള ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗലോഡ് ചെയ്ത് പൊതുജനങ്ങള്‍ക്കും പ്രതികരണങ്ങള്‍ അറിയിക്കാം. ആപ്പ് ഡൗലോഡ് ചെയ്തതിനു ശേഷം ഭാഷ തെരഞ്ഞെടുക്കുക. ശേഷം സംസ്ഥാനവും ജില്ലയും തെരഞ്ഞെടുത്ത് കഴിഞ്ഞ് വരുന്ന നാലു ചോദ്യങ്ങള്‍ക്ക് അതെ/അല്ല എന്ന്  ഉത്തരം രേഖപ്പെടുത്താം. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഈ സര്‍വ്വേയില്‍ എല്ലാ ജനങ്ങളും പ്രതികരണങ്ങള്‍ രേഖപ്പെടുത്തി കാസര്‍കോട് ജില്ലയെ പ്രഥമ സ്ഥാനത്ത് എത്തിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു.   

date