Skip to main content

മാസ്റ്റര്‍ പ്ലാനിന് അന്തിമ രൂപം നല്‍കും ആദിപമ്പ-വരട്ടാര്‍ പുനരുജ്ജീവനം: ദ്വിദിന ജൈവ വൈവിധ്യ കണ്‍വന്‍ഷന്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍

 

ആദിപമ്പ-വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന മാസ്റ്റര്‍ പ്ലാന്‍ അന്തിമമാക്കുന്നതിനുള്ള ദ്വിദിന കണ്‍വന്‍ഷന്‍ ഈമാസം എട്ട്, ഒന്‍പത് തീയതികളില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ നടക്കും. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ധനവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്, എംഎല്‍എമാരായ സജി ചെറിയാന്‍, വീണാ ജോര്‍ജ്, ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ. ടി.എന്‍. സീമ, ജനപ്രതിനിധികള്‍, വിദഗ്ധര്‍, തീരവാസികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ആറന്മുള, തിരുവല്ല, ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന കോളജുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും അധ്യാപകരും കണ്‍വന്‍ഷന്റെ ഭാഗമാകും. താല്‍പര്യമുള്ള സ്‌കൂളുകള്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ട്. എട്ടിന് രാവിലെ 10ന് കണ്‍വന്‍ഷന്‍ ആരംഭിക്കും. 

പതിറ്റാണ്ടുകളായി ഒഴുക്ക് നിലച്ച് പലയിടത്തും കരയായി മാറിയ ആദി പമ്പയെയും വരട്ടാറിനെയും വലിയ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ 2017ലെ വര്‍ഷകാലത്താണ് വീണ്ടെടുത്തത്. ആദി പമ്പയിലെയും വരട്ടാറിലെയും മഴക്കാല നീരൊഴുക്ക് വീണ്ടെടുക്കാനായെങ്കിലും പുഴയെ പൂര്‍ണമായും വീണ്ടെടുക്കണമെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ട പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. രണ്ടാംഘട്ടമായി നദിയുടെ പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടപ്പാക്കുന്നതിനോട് അനുബന്ധിച്ച് അന്തിമ മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തിന്റെ ഭാഗമായാണ് ജൈവ വൈവിധ്യ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സംഘടനകള്‍, സ്‌കൂള്‍, കോളജുകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദഗ്ധര്‍, തീരവാസികള്‍ തുടങ്ങി വിപുലമായ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള മാസ്റ്റര്‍ പ്ലാനിന്റെ രൂപീകരണം നടന്നു വരുകയാണ്. പുതിയ പാലങ്ങള്‍, തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദി പമ്പയിലും വരട്ടാറിലും എത്തിച്ചേരുന്ന മുഴുവന്‍ നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ്, വിപുലമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പുഴകളെ മാലിന്യമുക്തമാക്കുന്നതിന് വൃഷ്ടിപ്രദേശത്ത് നടത്തുന്ന ഇടപെടലുകള്‍, പുഴയോളം നീണ്ട ജൈവ വൈവിധ്യ ഉദ്യാനം, പ്രാദേശിക സാംസ്‌കാരിക പൈതൃകം പങ്കുവയ്ക്കുന്ന മ്യൂസിയങ്ങള്‍, സുസ്ഥിര വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന ഗവേഷണ സൗകര്യങ്ങള്‍, വിപുലമായ ക്യാമ്പയിനുകള്‍ തുടങ്ങി നിരവധി ആശയങ്ങള്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കരട് മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച ചെയ്യുന്നതിനും പുതിയ ആശയങ്ങള്‍, പ്രവര്‍ത്തന പരിപാടികള്‍, നടപടികള്‍ തുടങ്ങിയവ കൂട്ടിച്ചേര്‍ത്ത് കണ്‍വന്‍ഷനില്‍ മാസ്റ്റര്‍പ്ലാന്‍ അന്തിമമാക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന മാസ്റ്റര്‍ പ്ലാന്‍ വിപുലീകരണ ചര്‍ച്ചകള്‍ എട്ടിന് നടക്കും. പുതിയ നിര്‍ദേശങ്ങള്‍ സമന്വയിപ്പിച്ച് ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും ചേര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ അന്തിമമാക്കുന്ന പ്രക്രിയ ഒന്‍പതിനു നടക്കും. 

പമ്പാ നദിയില്‍ ആറാട്ടുപുഴയ്ക്ക് പടിഞ്ഞാറ് കോയിപ്രം പഞ്ചായത്തിന്റെയും ചെങ്ങന്നൂര്‍ നഗരസഭയുടെയും അതിര്‍ത്തിയില്‍ നിന്നും ആരംഭിച്ച് നാലു കിലോമീറ്റര്‍ ഒഴുകി പമ്പയില്‍ തന്നെ മംഗലം കടവില്‍ ചെന്നു ചേരുന്ന പുഴയാണ് ആദി പമ്പ. ആദിപമ്പയില്‍ പുതുക്കുളങ്ങര ഭാഗത്ത് ആരംഭിച്ച് ചെങ്ങന്നൂര്‍ നഗരസഭ, ഇരവിപേരൂര്‍, കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലൂടെ ഒഴുകി ഇരമല്ലിക്കര ഭാഗത്ത് മണിമലയാറ്റില്‍ ചേരുന്ന 9.40 കിലോമീറ്റര്‍ നീളമുള്ള പുഴയാണ് വരട്ടാര്‍.         (പിഎന്‍പി 2182/18)

date