അയിരൂര്‍ സ്‌കൂളും സ്മാര്‍ട്ട് ലിസ്റ്റില്‍
സ്മാര്‍ട്ട് ലിസ്റ്റിലേക്ക് ജില്ലയിലെ ഒരു സ്‌കൂള്‍ കൂടി. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോയിപ്രം ബ്ലോക്കിലെ അയിരൂര്‍ പഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളാണ് മുഖം മിനുക്കിയത്. റാന്നി എം.എല്‍.എ രാജു ഏബ്രഹാമിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെയും സ്മാര്‍ട്ട് ക്ലാസ്‌റൂമിന്റെയും ഉദ്ഘാടനം എംഎല്‍എ നിര്‍വഹിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ മുഖ്യഉപദേഷ്ടാവും സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ടി.കെ അയ്യപ്പന്‍കുട്ടി നായരാണ് സ്മാര്‍ട്ട് ക്ലാസ് റൂമിനുള്ള ഇലക്ട്രോണിക്ഉപകരണങ്ങള്‍ നല്‍കിയത്. എം.എല്‍.എയുടെ 2015ലെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ മുടക്കിയാണ് സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്. ഇരുനില മന്ദിരത്തിന്റെ താഴത്തെ നിലയില്‍ രണ്ട് ക്ലാസ്മുറികളും മുകളില്‍ വിശാലമായ ഹാളുമാണ് നിര്‍മിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള പ്രത്യേക സൗകര്യവും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, സ്‌കൂളിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.എം.സിയുടെ പൂര്‍ണ സഹകരണവും ഉണ്ട്. അയിരൂര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മൂന്ന് ലാപ്‌ടോപ്പും ഒരു പ്രോജക്ടറും സ്‌കൂളിന് നല്‍കിയിരുന്നു. കുട്ടികളുടെ പ്രഭാതഭക്ഷണ പദ്ധതിക്കും ഉടന്‍ തന്നെ സ്‌കൂളില്‍ തുടക്കമാകും. 1875 ല്‍ സ്ഥാപിതമായ സ്‌കൂളില്‍ നിലവില്‍ 157 കുട്ടികളാണിപ്പോള്‍ പഠിക്കുന്നത്. പാഠ്യ-പാഠ്യേതര വിഷയങ്ങളിലും സ്‌കൂള്‍ മികവ് പുലര്‍ത്തുന്നുണ്ടെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്യാംലത പറഞ്ഞു. (പിഎന്‍പി 2188/18)
- Log in to post comments