പൊതു ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി: അങ്കണവാടിക്ക് സ്ഥലം ലഭിച്ച ആദ്യ ജില്ല എറണാകുളം
കാക്കനാട്: പൊതു ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ പുറമ്പോക്കു ഭൂമി ലഭ്യമാക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയ പദ്ധതിയില്‍ സംസ്ഥാനത്ത് ആദ്യമായി അങ്കണവാടി നിര്‍മ്മാണത്തിന് ഭൂമി അനുവദിച്ചുകിട്ടിയത് എറണാകുളം ജില്ലയില്‍. എടത്തല ഗ്രാമപഞ്ചായത്തിലെ 55ാം നമ്പര്‍ അങ്കണവാടിക്കാണ് സ്ഥലം ലഭിച്ചത്. ആലുവ ഈസ്റ്റ് വില്ലേജില്‍ റീ സര്‍വ്വേ നമ്പര്‍ 1/3 ല്‍ 1.22 ആര്‍ (മൂന്നു സെന്റ്) സ്ഥലമാണ് അനുവദിച്ചത്. സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തം സ്ഥലവും കെട്ടിടവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ജൂലൈയില്‍ അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. എല്ലാ ജില്ലാ കലക്ടര്‍മാരെയും ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസര്‍മാരെയും വിളിച്ചുചേര്‍ത്ത് സംയുക്ത വീഡിയോ കോണ്‍ഫറന്‍സും നടത്തി. റവന്യൂ പുറമ്പോക്കോ ഇറിഗേഷന്‍, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുടെ അധീനതയിലുള്ള പുറമ്പോക്കു ഭൂമിയോ പൊതു ആവശ്യങ്ങള്‍ക്ക് കൈമാറണമെന്ന് തീരുമാനവുമെടുത്തു. ഇതു സംബന്ധിച്ച് 2018 ജൂണ്‍ അഞ്ചിന് സര്‍ക്കാര്‍ ഉത്തരവും ഇറങ്ങി. ജില്ലയില്‍ കാലവര്‍ഷത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ക്കിടയിലും ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച സത്വര നടപടികളാണ് ജില്ലക്കു നേട്ടമായതെന്ന് സംയോജിത ശിശു വികസന ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജെ. മായാ ലക്ഷ്മി പറഞ്ഞു. ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ജില്ലയില്‍ 114 പുറമ്പോക്ക് ഭൂമികള്‍ കണ്ടെത്തി. ഭൂമി കൈമാറാന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുന്നതിന് ജില്ലാതലത്തില്‍ എടുക്കേണ്ട നടപടികള്‍ ജില്ലാ കലക്ടര്‍ പ്രത്യേക ശ്രദ്ധ നല്‍കി പൂര്‍ത്തിയാക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സിവില്‍ സ്റ്റേഷന്‍ പരിസരത്തു നടന്ന പൊതു ചടങ്ങില്‍ എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസിന് ഡെപ്യൂട്ടി കലക്ടര്‍ സുരേഷ് കുമാര്‍ ഭൂമിയുടെ രേഖകള്‍ കൈമാറി.
- Log in to post comments