Skip to main content

കോതമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ 80 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

 

കോതമംഗലം: കോതമംഗലം മിനി സിവില്‍ സ്റ്റേഷനില്‍  അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി എംഎല്‍എയുടെ  ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 83 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. മിനി സിവില്‍ സ്റ്റേഷനിലേക്ക് കോതമംഗലത്തെ  സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റുന്നതിന്റെ ഭാഗമായി 3.9 കോടി രൂപയുടെ അവസാന ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

സ്വകാര്യവ്യക്തി വിട്ടുനല്‍കിയ ഇരുപത് സെന്റ് സ്ഥലത്തെ മണ്ണ് എടുത്തുമാറ്റി ഭിത്തികെട്ടി സംരക്ഷിക്കുക, ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി  പ്രത്യേകം പാര്‍ക്കിംഗ് ഷെഡ്ഡുകള്‍ നിര്‍മ്മിക്കുക, സിവില്‍സ്റ്റേഷനില്‍ ചുറ്റുമതില്‍ കെട്ടുക, കമാനം നിര്‍മ്മിക്കുക, നെയിംബോര്‍ഡ് സ്ഥാപിക്കുക, മുനിസിപ്പല്‍ റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുക, വാട്ടര്‍ കണക്ഷന്‍, വൈദ്യുതീകരണം  സിസിടിവി  ക്യാമറ സ്ഥാപിക്കുക, തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ആസ്തി വികസന ഫണ്ടില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ച് നടത്തുക.

യോഗത്തില്‍  മുനിസിപ്പല്‍   ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ എ നൗഷാദ്, കെ വി തോമസ്, ടീന മാത്യു,  ഉണ്ണികൃഷ്ണന്‍,ഹരി എന്‍ വൃന്ദാവന്‍, പ്രിന്‍സി എല്‍ദോസ്, ജോജന്‍ പീറ്റര്‍, മോട്ടി മയൂരി, ദേവി പ്രിന്‍സ്, തഹസില്‍ദാര്‍ എം.ഡി ലാലു,  എ.ഇ.ഒ. പി എന്‍ അനിത, കെ.പി മോഹനന്‍, കെ.കെ ടോമി തുടങ്ങിയവര്‍ പങ്കെടുത്തു.

date