Skip to main content

അറിയിപ്പുകൾ

സെമിനാർ സംഘടിപ്പിക്കുന്നു

 

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജനുവരി 28 ന് ഓമനമൃഗപരിപാലനവും ജന്തുജന്യരോഗങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ ജനുവരി 27 ന് മുമ്പായി പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 04972-763473 

 

 

ടെണ്ടർ ക്ഷണിച്ചു

 

ഗവ:വി എച്ച് എസ് എസ് മേപ്പയ്യൂരിന് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ച രണ്ടു ലക്ഷം രൂപയ്ക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. നിരത ദ്രവ്യം 2000 / രൂപ ടെണ്ടര്‍ ഫീസ് 400 രൂപ ജിഎസ്ടി 48 രൂപ. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 28. അന്നേ ദിവസം 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 9400677669.

 

 

 

ജെൻ്റർ അവബോധ പരിപാടി കാണാൻ അവസരം

 

ജെന്റർ പാർക്കിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 21 ന് നടക്കുന്ന ലിംഗ സമത്വത്തെകുറിച്ചുളള അവന്റ് ഗ്രേഡ് 2 എന്ന ജെന്റർ അവബോധ പരിപാടികൾ കാണാൻ അവസരം. പരിപാടിയുടെ ഭാഗമായി മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ കോളേജുകളിൽ നിന്നും 150 ഓളം വിദ്യാർത്ഥികൾ ലിംഗ പദവിയും നേതൃത്വവും എന്ന വിഷയത്തിൽ വിത്യസ്ത കലാപരിപാടികൾ അവതരിപ്പിക്കും. പരിപാടി നേരിൽ കാണാൻ താത്പര്യമുളളവർ ജെന്റർ പാർക്കിന്റെ വെളളിമാടുകുന്നുളള ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ജനുവരി 21ന് രാവിലെ 10.30 ന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 9846814689,90744447658.

 

 

 

ഗതാഗതം നിരോധിച്ചു

 

പൂനൂർ മഠത്തുംപൊയിൽ- എം.എം പറമ്പ റോഡ് കി.മീ 1/300 ൽ കലുങ്ക് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 21 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചു.

പൂനൂർ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ ഉമ്മിണിക്കുന്ന് ജി.എൽ.പി സ്കൂൾ റോഡ് വഴിയും മൊകായി മഠത്തുംപൊയിൽ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മഠത്തുംപൊയിൽ ജുമുഅത്ത് പള്ളി റോഡ് വഴിയും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 

 

ടെണ്ടർ ക്ഷണിച്ചു 

 

വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള കോഴിക്കോട് അർബൻ 1 ഐ.സി.ഡി.എസ്

കാര്യാലയത്തിൽ 2022-23 സാമ്പത്തിക വർഷത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് ഓടിക്കുന്നതിന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്ര പതിപ്പിച്ച ടെണ്ടരുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന അവസാന തിയ്യതി ജനുവരി 25 ന് ഉച്ചക്ക് 1മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2702523/ 8547233753 

 

 

അപേക്ഷ ക്ഷണിച്ചു 

 

കോഴിക്കോട് സർക്കാർ എഞ്ചിനീയറിങ് കോളേജിൽ അപ്ലെെഡ് സയൻസ് പഠന വിഭാഗത്തിൽ സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ് വിഷയങ്ങൾക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു . ജനുവരി 30 ന് രാവിലെ 10 മണിക്കാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾക്ക് യു ജി സി, കേരള പി എസ് സി നിർദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് http://geckkd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ:0495 2383210 

 

തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നൽകുന്നു

 

തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 18 തൊഴിൽ മേഖലകളിലെ മികച്ച തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപയുടെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നൽകുന്നു. സെക്യൂരിറ്റി ഗാർഡ്, ചുമട്ടുതൊഴിലാളി, നിർമ്മാണ തൊഴിലാളി, ചെത്തുതൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, തോട്ടം തൊഴിലാളി, സെയിൽസ്മാൻ/സെയിൽസ് വുമൺ, നഴ്സ്, ഗാർഹിക തൊഴിലാളി, ടെക്സൈ്റ്റൽ മിൽ തൊഴിലാളി, കരകൗശല വൈദഗ്ദ്ധ്യ പാരമ്പര്യ തൊഴിലാളികൾ (ഇരുമ്പുപണി മരപ്പണി, കൽപ്പണി, വെങ്കല പണി, കളിമൺപാത്ര പണി, കൈത്തറി വസ്ത്ര നിർമ്മാണം, ആഭരണ നിർമ്മാണം) മാനുഫാക്ചറിംഗ്/പ്രൊസസിംഗ് മേഖലയിലെ തൊഴിലാളികൾ (മരുന്നു നിർമ്മാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ് തൊഴിലാളി), മത്സ്യബന്ധന വിൽപ്പന തൊഴിലാളികൾ, ഇൻഫർമേഷൻ ടെക്നോളജി മേഖലകളിലെ തൊഴിലാളികൾ എന്നിവർക്കാണ് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശംസാ പത്രവും നൽകുന്നത്. തൊഴിൽ വകുപ്പിന്റെ വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും. ജനുവരി 23 മുതൽ 31 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് തൊഴിൽ വകുപ്പിന്റെ www.lc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ നിന്നും വിവരങ്ങൾ ലഭിക്കും. ഫോൺ: 0495 2370538

 

 

അപേക്ഷ ക്ഷണിച്ചു

 

ജില്ലാ പഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന ‘അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം’ എന്ന പദ്ധതി മുഖേന തൊഴിൽ പരിചയം ലഭിക്കുന്നതിന് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അലോപ്പതി, ആയുർവേദ, ഹോമിയോ ആശുപത്രികളിൽ രണ്ട് വർഷമാണ് പരിശീലനം. സ്റ്റൈപ്പന്റ് ലഭിക്കും. ബി.എസ്.സി നേഴ്സിംഗ്, നേഴ്സിംഗ് (ജനറൽ), എം.എൽ.ടി, ഫാർമസി, റേഡിയോഗ്രാഫർ, അംഗീകൃത തെറാപ്പിസ്റ്റുകൾ, സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജില്ലാ പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 18 നും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ജനുവരി 28 വരെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04952370379.

 

 

കരാർ അടിസ്ഥാനത്തിൽ നിയമനം

 

നാഷണൽ ആയുഷ് മിഷൻ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ യിൽ പി ജി ഡിപ്ലോമയാണ് (അംഗീകൃത യൂണിവേഴ്സിറ്റി) യോഗ്യത. ഒഴിവ് -21. പ്രായപരിധി-50 വയസ്സ്. പ്രതിമാസ വേതനം-14000 / രൂപ. ഫെബ്രുവരി 3 ന് രാവിലെ 10.30 ന് നാഷണൽ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസിൽ കൂടിക്കാഴ്ച നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9497303013  

 

അപേക്ഷ ക്ഷണിച്ചു 

 

പന്തലായനി ഐസിടിഎസ് ഓഫീസിന്റെ പരിധിയിൽ വരുന്ന അത്തോളി പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഉണ്ടായേക്കാവുന്ന വർക്കർ ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അത്തോളി പഞ്ചായത്ത് ഓഫീസിലും കൊയിലാണ്ടി മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന പന്തലായനി ശിശു വികസന പദ്ധതി കാര്യാലയത്തിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പന്തലായനി ശിശു വികസന പദ്ധതി കാര്യാലയത്തിൽ ഫെബ്രുവരി 10ന് 5 മണിക്ക് മുൻപായി എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9446255163.

date