Skip to main content
മോക്ക് ഡ്രില്‍

പെയിന്റ് ഫാക്ടറിയിൽ തീപിടുത്തം; കാര്യക്ഷമമായി മോക്ക് ഡ്രില്‍

പെട്രോൾ കെമിക്കൽ അപകടങ്ങൾ സംബന്ധിച്ച രക്ഷാപ്രവർത്തനങ്ങൾ, ദുരന്ത ലഘൂകരണം, മുൻകരുതലുകൾ എന്നിവയെകുറിച്ചുള്ള അവബോധം സൃഷ്ടിക്കാനായി എൻ.ഡി.ആർ.എഫിന്റെയും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിന്റെയും സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള സ്വരാജ് പെയിന്റ്സ് ഫാക്ടറിയിൽ മോക്ക്ഡ്രിൽ നടത്തി.

പെയിന്റ് ഫാക്ടറിയിലെ പാനൽ ബോർഡിൽ ഇലക്ട്രിക് ഷോർട് സർക്യൂട്ട് ഉണ്ടാവുകയും ഫാക്ടറിയിൽ തീ ആളിപ്പടരുകയും ചെയ്യുന്നു. തുടര്‍ന്ന് ഉണ്ടാവുന്ന അടിയന്തിര ഘട്ടത്തെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ അപകടരഹിതമായി എങ്ങനെ നിയന്ത്രണ വിധേയമാക്കും എന്നതായിരുന്നു മോക്ക് ഡ്രില്ലിലൂടെ അവതരിപ്പിച്ചത്.

അപകടത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന് വിവരം കൈമാറുകയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ  നേതൃത്വത്തില്‍ ജില്ലാ ക്രിസിസ് ഗ്രൂപ്പ് 
സ്ഥലത്ത് എത്തുകയും ചെയ്തു. അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രദേശത്തേക്കുള്ള വാഹന ഗതാഗതവും ജനസഞ്ചാരവും നിര്‍ത്തിവെപ്പിച്ചു. കെ.എസ്.ഇ.ബി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സ്ഥലത്തെത്തി തീയണച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നിർദേശത്തെ തുടര്‍ന്ന് മെഡിക്കൽ സംഘം സ്ഥലത്തെത്തുകയും പരിക്കേറ്റവരെ തത്സമയം പ്രാഥമിക ചികിത്സ നല്‍കി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് നേതൃത്വം നല്‍കി.

റവന്യൂ, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി, എൻ.ഡി.ആർ.എഫ്, ഫാക്ടറീസ് ആൻഡ്‌ ബോയിലേഴ്‌സ്, പൊല്യൂഷൻ കൺട്രോൾ ബോർഡ്, ആർ.ടി.ഒ തുടങ്ങിയ വകുപ്പുകൾ മോക്ക്ഡ്രിലിന്റെ ഭാഗമായി. മോക്ക് ഡ്രില്ലിന്റെ കാര്യക്ഷമത നിരീക്ഷിക്കുന്നതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നാല് നീരിക്ഷകരെയും സ്ഥലത്ത് നിയോഗിച്ചിരുന്നു.

മോക്ക് ഡ്രില്ലിനെ തുടർന്ന് ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്  ജോയിന്റ് ഡയറക്ടർ മുനീർ എൻ ജെ, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് കോഴിക്കോട് നോർത്ത് ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ സാജു മാത്യു, കോഴിക്കോട് താലൂക്ക് തഹസിൽദാർ ശ്രീകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date