നിങ്ങളുടെ ജില്ലക്ക് മാര്‍ക്കിടാം സ്വച്ഛ് സര്‍വ്വേക്ഷണ്‍ ആപ്പിലൂടെ
നിങ്ങളുടെ ജില്ലയിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ എത്രത്തോളം തൃപ്തനാണ്? ശുചിത്വത്തിലും മാലിന്യ സംസ്‌കരണത്തിലും ജില്ലയ്ക്ക് നിങ്ങള്‍ എത്ര മാര്‍ക്ക് നല്‍കും? നിങ്ങളുടെ അഭിപ്രായം എന്താണെങ്കിലും അത് കേന്ദ്ര സര്‍ക്കാറിനെ നേരിട്ട് അറിയിക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ് കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയത്തിന്റെ എസ്.എസ്.ജി 18 എന്ന മൊബൈല്‍ ആപ്പിലൂടെ.
കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലത്തിന്റെ കീഴില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും ജില്ലകളിലേയും ശുചിത്വ ഗുണനിലവാരവും മാലിന്യ സംസ്‌കരണ സൗകര്യങ്ങളും വിലയിരുത്തുന്നതിനും മികച്ചവയെ തിരഞ്ഞെടുക്കുന്ന തിനുമായുള്ള സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2018 ലൂടെ ഏതൊരു പൗരനും തന്റെ അഭിപ്രായം പങ്കുവെക്കാനാവും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പില്‍ മലയാളം ഉള്‍പ്പടെ പതിനൊന്നോളം ഭാഷകളില്‍ അഭിപ്രായം അറിയിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ആപ്പിലൂടെ നടത്തുന്ന അഭിപ്രായ സര്‍വ്വേയോടൊപ്പം സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ്റ്റാന്റുകള്‍ മറ്റ് പൊതുസ്ഥല ങ്ങള്‍ എന്നിവിടങ്ങളിലെ ശുചിത്വ നിലവാരത്തിന്റെയും അടിസ്ഥാനത്തിലാകും മികച്ച സംസ്ഥാനങ്ങളെയും ജില്ലകളെയും തിരഞ്ഞെടുക്കുക. ഇത്തരത്തില്‍ മികവ് പുലര്‍ത്തുന്ന സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് അവാര്‍ഡുകള്‍ നല്‍കും.
സ്വച്ഛ് സര്‍വ്വേക്ഷണിന്റെ ഭാഗമായി രാജ്യത്തെ 698 ജില്ലകളിലെ 6980 ഗ്രാമങ്ങളിലെ സ്‌കൂളുകള്‍, അംഗനവാടികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാല യങ്ങള്‍ തുടങ്ങി 34900 പൊതുസ്ഥലങ്ങളില്‍ സര്‍വ്വേ നടത്തുകയും 174500 ആളുകളുമായി നേരിട്ടും 50 ലക്ഷത്തോളം പേരുമായി പൊതു പരിപാടികളിലൂടെ സംവദിച്ചും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തും.
ഗ്രാമീണ ജനങ്ങളുടെ ശുചിത്വ നിലവാരം ഉയര്‍ത്തുന്നതോടൊപ്പം ശുചിത്വ മനോഭാവങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുകയുമാണ് പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഒരു സ്വതന്ത്ര ഏജന്‍സിയാണ് സര്‍വ്വേ നടപ്പിലാക്കുന്നത്.
- Log in to post comments