സ്വച്ച് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന് തുടക്കമാവും: പൊതുജനങ്ങള്‍ക്കും പങ്കാളിയാവാം
ശുചിത്വ ഗ്രാമം, ശുചിത്വ ജില്ല എന്ന സന്ദേശമുയര്‍ത്തി കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയം നടപ്പാക്കുന്ന സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2018 ന് ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് നാല്) തുടക്കമാവും. രാജ്യത്തെ എല്ലാ ജില്ലകളെയും, ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി റാങ്ക് നല്‍കുന്ന പരിപാടിയാണ് സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2018. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് നാല്) രാവിലെ ഒമ്പ്തിന് പികെ കുഞ്ഞാലിക്കുട്ടി എംപി നിര്‍വഹിക്കും. അദ്ദേഹത്തിന്റെ ഓഫീസിലാണ് പരിപാടി. സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ചന്തകള്‍, പഞ്ചായത്തുകള്‍ മുതലായ പൊതുയിടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി മെച്ചപ്പെടുത്തുന്നതില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലാതല സര്‍വെ യിലൂടെയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും 2018 ഒക്ടോബര്‍ രണ്ടിന് അവാര്‍ഡ് നല്‍കും.
എസ്എസ്ജി18 മൊബൈല്‍ ആപ് വഴി സര്‍വെയില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാവാം. ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ ഈ ആപ് ലഭ്യമാണ്. പൊതു ഇടങ്ങള്‍, ആരാധനാലയങ്ങള്‍, ശുചിമുറികള്‍, സ്ഥാപനങ്ങള്‍ എന്നിവയും പൊതുജനങ്ങള്‍ക്ക് നിരീക്ഷിക്കാം. നേരിട്ടുള്ള നിരീക്ഷണത്തിന്റെ ഭാഗമായി സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ചന്തകള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ടോയ്ലറ്റുകളുടെ ലഭ്യത, ഉപയോഗം, വൃത്തി, പൊതുസ്ഥലങ്ങളിലെ മാലിന്യം, വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ എന്നിവ പരിശോധിക്കും. ഓഗ്സറ്റ് 31 വരെയാണ് സര്‍വെയുണ്ടാവുക. ശുചിമുറിയില്ലാത്ത പൊതു ഇടങ്ങളില്‍ ഇതേ കാലയളവില്‍ നിര്‍മിക്കാനും ശുചിത്വ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാലിന്യം കൂടികിടക്കുന്ന ഇടങ്ങളും പൊതു ശുചിമുറികളും വൃത്തിയാക്കാനും നിര്‍േദശമുണ്ട്.
സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ മാനദണ്ഡങ്ങളില്‍ ഗുണപരമായതും അളക്കാവുന്നതുമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ച സംസ്ഥാനങ്ങളെയും ജില്ലകളെയും അവരുടെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുക, തീവ്രവും സമഗ്രവുമായ വിവരവിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളെ അവരുടെ ശുചിത്വ നിലവാരം മെച്ചപ്പെടുത്തുവാന്‍ പങ്കാളികളാക്കുക, ഗ്രാമ പഞ്ചായത്തുകളും പൊതുജനങ്ങളുമായി ഇടപെട്ട് പദ്ധതി നടത്തിപ്പ് മെച്ചപ്പെടുത്തുവാന്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക എന്നിവയാണ് സര്‍വ്വേയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍.
- Log in to post comments