Skip to main content

669 പേര്‍ നാളെ സാക്ഷരതാ പരീക്ഷ എഴുതും

 

നിരക്ഷരതയുടെ ഒരു തുരുത്തുപോലും അവശേഷിക്കാതിരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കുന്ന സാക്ഷരതാ പദ്ധതിയായ അക്ഷരലക്ഷത്തിന്റെ പൊതു പരീക്ഷ നാളെ (ആഗസ്റ്റ് 5) നടക്കും. ജില്ലയില്‍ 108 കേന്ദ്രങ്ങളിലായി 669 പേര്‍ പരീക്ഷ എഴുതും. ഇതില്‍ 484 സ്ത്രീകളും 185 പേര്‍ പുരുഷ•ാരുമാണ്. മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുക 51 പേര്‍. കോട്ടയം നഗരസഭയില്‍ 34 പേര്‍ പരീക്ഷ എഴുതും. അയ്മനം ഗ്രാമ പഞ്ചായത്തിലെ പരീക്ഷാ കേന്ദ്രമായ പെരുമന കോളനിയിലാണ് ഏറ്റവും കൂടുതല്‍ പരീക്ഷാര്‍ത്ഥികള്‍ ഉള്ളത്. 20 പേര്‍. സാക്ഷരതാ മിഷന്റെ തുടര്‍ വിദ്യാ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡുകളില്‍ മാത്രമാണ് അക്ഷരലക്ഷം പദ്ധതി നടപ്പിലാക്കുന്നത്. മറ്റ് വാര്‍ഡുകളില്‍ അടുത്ത വര്‍ഷം പദ്ധതി നടപ്പിലാക്കും. രാവിലെ 10 മുതല്‍ 12 വരെയാണ് പരീക്ഷ നടക്കുന്നത്. പഠിതാക്കള്‍ക്ക് ചായയും ലഘുഭക്ഷണവുമൊക്കെ അതത് തദ്ദേശസ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവരുടെ സാക്ഷരതാ പരീക്ഷ അക്ഷരോത്സവമായിട്ടാണ് നടത്തുക. സാക്ഷരരാകുന്ന മുഴുവന്‍ പേരെയും നാലാംതരം തുല്യതാ കോഴ്‌സിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതാണ്. 

(കെ.ഐ.ഒ.പി.ആര്‍-1665/18)

date