Skip to main content

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടന്നു 

 

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് വികസന സെമിനാർ സംഘടിപ്പിച്ചു.
കാർഷികമേഖലയ്ക്കും ക്ഷീര, ഉൽപ്പാദന മേഖലയ്ക്കും പ്രാധാന്യം കൊടുത്തുള്ള പദ്ധതികളാണ്  വികസന സെമിനാറിന്റെ ഭാഗമായി അവതരിപ്പിച്ചത്. സമഗ്ര കാർഷിക വികസന പദ്ധതി പ്രകാരം കാർഷിക ഉത്പാദനത്തിനും വളർച്ചയ്ക്കും പ്രാധാന്യം നൽകും.

ക്ഷീര മേഖലയിൽ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക കൂടി മുൻനിർത്തിയാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ചാണകം ഉണക്കി പൊടിക്കുന്നതിന് ബ്ലോക്ക്‌ തലത്തിൽ ഒരു യൂണിറ്റ്, കർഷകരുടെ ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നതിന് ബ്ലോക്ക്‌ തലത്തിൽ കേന്ദ്രം ഒരുക്കുക, ബയോ ക്ലിനിക്ക്, ബയോ ലാബ്, കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന ബ്ലോക്ക്‌ ഇൻഫർമേഷൻ സെന്റർ, വിപണി ഉറപ്പാക്കുന്നതിനു ഓൺലൈൻ വിപണന കേന്ദ്രം എന്നിങ്ങനെയാണ് കാർഷിക, ക്ഷീര മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികൾ.

എല്ലാ പഞ്ചായത്തുകളിലും നാടക കളരികൾ ആരംഭിക്കാൻ നാടക ഗ്രാമം എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും പാലിയേറ്റിവ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുമുണ്ട്.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാഘവൻ പദ്ധതി അവലോകനവും വികസന കാഴ്ചപ്പാട് അവതരണവും നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രസന്ന അനിൽകുമാർ കരട് പദ്ധതി രേഖ അവതരണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ്മാരായ എം എം മുകേഷ്, കെ സ് ധനീഷ്,  സെക്രട്ടറി ദിവ്യ കുഞ്ഞുണ്ണി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date