Skip to main content

അന്‍പതിനായിരം പട്ടികജാതിക്കാര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കും:  മന്ത്രി എ.കെ. ബാലന്‍

     ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി 50,000 പട്ടികജാതി വിഭാഗക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് പട്ടികജാതി വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.  അതിനു വേണ്ടുന്ന സാഹചര്യങ്ങള്‍ ഓരോന്നായി സര്‍ക്കാര്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.  പട്ടികജാതി വികസന വകുപ്പിനു കീഴുലുള്ള വിവിധ ഐ.റ്റി.ഐ കളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വ്യത്യസ്ഥ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ പ്ലേസ്‌മെന്റ് ലഭ്യമാക്കുന്ന തൊഴില്‍മേളയുടെ ഉദ്ഘാടനം മണ്ണന്തല അംബേദ്കര്‍ ഭവനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
    പിന്നാക്ക വിഭാഗക്കാര്‍ക്ക് അവര്‍ പഠിച്ച തൊഴില്‍ തന്നെ വിദേശത്ത് ലഭ്യമാക്കുന്നതിനായി പ്രവാസി വ്യവസായികളുടെ യോഗം ഉടന്‍ തന്നെ വിളിച്ച ചേര്‍ക്കുമെന്നും വിദേശത്ത് ജോലി ലഭിച്ച് പോകുന്ന പട്ടികജാതി - വര്‍ഗ വിഭാഗക്കാര്‍ക്ക് ഒരു ലക്ഷം രൂപ നിലവില്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.  ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇരുപത് ശതമാനം മുതല്‍ നൂറ് ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്.  അടുത്ത അധ്യയനവര്‍ഷം മുതല്‍ ആറ് മാസത്തേയ്ക്കുള്ള ആനുകൂല്യങ്ങള്‍ മുന്‍കൂറായി നല്‍കുമെന്നും മന്ത്രി അറിയിച്ചു.  
    ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ഇത്തരത്തിലുള്ള രണ്ടാമത്തെ തൊഴില്‍ മേളയാണിത്.  കഴിഞ്ഞവര്‍ഷം മേളയില്‍ 12 സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെത്തി 217 ഉദേ്യാഗാര്‍ഥികളെയാണ് തെരഞ്ഞെടുത്തത്.  ഇക്കുറി 22 സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.  വകുപ്പിന് കീഴിലുള്ള വിവിധ ഐ.റ്റി.ഐകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ഉദേ്യഗാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്.
    കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്‍. അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ, പട്ടികജാതി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം.എന്‍. ദിവാകരന്‍, വകുപ്പിലെ ഉദേ്യാഗസ്ഥര്‍, ഉദേ്യാഗാര്‍ഥികളുടെ രക്ഷിതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.
(പി.ആര്‍.പി 1908/2017)
 

date