Skip to main content

ജനപങ്കാളിത്തത്തോടെ ജലസുരക്ഷ ഉറപ്പാക്കും : മന്ത്രി   അഡ്വ. മാത്യു ടി തോമസ്

 

 

ജനപങ്കാളിത്തത്തോടെ ജലസുരക്ഷ ഉറപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മാത്യു ടി തോമസ് പറഞ്ഞു.  ശബരില തീര്‍ത്ഥാടനകാലത്ത് എരുമേലിയില്‍ എത്തിച്ചേരുന്ന ലക്ഷകണക്കിന് അയ്യപ്പന്‍മാര്‍ക്കും എരുമേലി നിവാസികള്‍ക്കും ശുദ്ധമായ കുടിവെള്ളം നല്‍കുമെന്ന സര്‍ക്കാരിന്റെയും ജലവിഭവവകുപ്പിന്റെയും വാഗ്ദാനമാണ് പദ്ധതി കമ്മീഷന്‍ ചെയ്തതിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.        എരുമേലി ശുദ്ധജല വിതരണ പദ്ധതി എരുമേലി ടൗണിലെ പുത്തന്‍വീട് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഇപ്പോഴത്തെ പ്രകൃതി സാഹചര്യങ്ങളില്‍ പെയ്തു കിട്ടുന്ന മഴ ഭൂമിയിലേയ്ക്കു തന്നെ എത്തിക്കേണ്ടത് അനിവാര്യമാണ്. മഴവെള്ളം സംഭരിച്ചു ഭൂഗര്‍ഭജലത്തിന്റെ തോത് ഉയര്‍ത്തണം. ഇതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം ജനപങ്കാളിത്തവും ആവശ്യമാണ്. ഹരിത കേരളം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതും ഇതാണ്.  സംസ്ഥാനത്ത് ഇപ്പോള്‍ 30 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ശുദ്ധജലം ലഭ്യമാകുന്നത്. ശുദ്ധജല ലഭ്യത 100 ശതമാനം എത്തിക്കുവാനാണ്  ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇപ്പോഴും ശുദ്ധീകരിച്ച വെള്ളം കിട്ടാത്ത പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഉണ്ടെന്നുളളതാണ്  ദുഖകരമായ വസ്തുത.  കിഫ്ബി സംവിധാനത്തില്‍ ഏറ്റവുമധികം പദ്ധതികള്‍ അവതരിപ്പിച്ച് 1230 കോടി രൂപയുടെ ഭരണാനുമതി വാട്ടര്‍ അതോറിറ്റി നേടിയെടുത്തിട്ടുണ്ട്. കേന്ദ്രവിഹിതം 250 കോടി തന്നിരുന്ന സ്ഥാനത്ത് 47 കോടിയായി വെട്ടിക്കുറച്ചപ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് പല പദ്ധതികളിലും കരാറുകാര്‍ക്കുളള കുടിശിക അധികരിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. കരാറുകാര്‍ക്ക് പണം കൊടുക്കാന്‍ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ പോലും വിവിധ ശുദ്ധജല പദ്ധതികള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുന്നുവെന്നത് വകുപ്പിന്റെയും ഈ സര്‍ക്കാരിന്റെയും നേട്ടമാണ്. മന്ത്രി ചൂണ്ടിക്കാട്ടി. 

 

സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റേറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി 53 കോടി രൂപക്ക് 2010ല്‍ ഭരണാനുമതി ലഭിച്ചതാണ് ഈ പദ്ധതി. പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം ഉത്പാദിപ്പിക്കുവാന്‍ ശേഷിയുളള ജല ശുദ്ധീകരണശാലയാണ് എരുമേലി എം ഇ എസ് കോളേജിന് സമീപം നിര്‍മിച്ചിട്ടുളളത്. ശുദ്ധീകരണ ശാലയില്‍ നിന്നും പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നിര്‍മിച്ചിട്ടുളള ജല സംഭരണികളിലേക്ക് ജലം എത്തിച്ച് വിതരണ ശൃംഖലകള്‍ വഴി വിതരണം ചെയ്യാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. 

 

പി. സി ജോര്‍ജ്ജ്  എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കേരള വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ മെമ്പര്‍ ദക്ഷിണമേഖല ചീഫ് എഞ്ചിനീയര്‍ ജി. ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആന്റോ ആന്റണി എം.പി, രാജു എബ്രഹാം എം.എല്‍.എ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാഗി ജോസഫ്, കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. കെ അബ്ദുള്‍ കരീം, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാര്‍ റ്റി.എസ് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എ. ഷൈനാമോള്‍ സ്വാഗതവും  കോട്ടയം പി.എച്ച് ഡിവിഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.എന്‍ സ്വാമിനാഥന്‍ നന്ദിയും പറഞ്ഞു.  

(കെ.ഐ.ഒ.പി.ആര്‍-1946/17)

date