Skip to main content

ആശ്രയ പദ്ധതിയുടെ രണ്ടാംഘട്ട പോഷകാഹാര കിറ്റ് വിതരണം ചെയ്തു

 

വാമനപുരം ഗ്രാമ പഞ്ചായത്തിലെ നിരാലംബരായ 150 ഓളം കുടുംബാംഗങ്ങള്‍ക്ക് ആശ്രയ പദ്ധതിയുടെ രണ്ടാംഘട്ട പോഷകാഹാര കിറ്റ് വിതരണം ചെയ്തു. അഗതികള്‍ക്ക് പോഷകാഹാരം  ലഭ്യമാക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ചാലഞ്ച് ഫണ്ടാണ് ഉപയോഗിക്കുന്നത്.  പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദേവദാസ് തിങ്കളാഴ്ച വാമനപുരത്ത് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീവിദ്യ അധ്യക്ഷയായിരുന്നു.

ഒരു അംഗം മാത്രമുള്ള കുടുംബത്തിന് 200 രൂപയുടെയും രണ്ട് അംഗമുള്ള കുടുംബത്തിന് 300 രൂപയുടെയും രണ്ടില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന് 400 രൂപയുടെയും ഭക്ഷ്യ  ധാന്യമാണ് വിതരണം ചെയ്തത്.  ചെറുപയര്‍, ഉഴുന്ന്, വെളിച്ചെണ്ണ, പഞ്ചസാര, തുവരപരിപ്പ് എന്നിവയാണ് നല്‍കിയത്. 47 കുടുംബങ്ങള്‍ ഗുണഭോക്താക്കളായി. കൂടാതെ എല്ലാ മാസവും നല്‍കുന്ന പോഷകാഹാര കിറ്റിനൊപ്പം ഒരംഗ കുടുംബത്തിന് 10 കിലോ, രണ്ടംഗ കുടുംബത്തിന് 20 കിലോ, രണ്ടില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന് 30 കിലോ എന്ന അളവില്‍ റേഷന്‍ അരിയും നല്‍കും.

ഉദ്ഘാടനചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനിതകുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഹസീന ബീഗം, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2016/2018)

 

date