കുടുംബശ്രീ; മാതൃകയായി ആനാട് ഗ്രാമപഞ്ചായത്ത്
* കുടുംബശ്രീ വനിതകളുടെ രക്തദാന കര്‍മസേന ഗ്രൂപ്പ് സംസ്ഥാനത്താദ്യമായി
ആനാട് രൂപീകരിച്ചു
* സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയാനും
പരിഹരിക്കാനും ജെന്റര്‍ വിജിലന്‍സ് ഗ്രൂപ്പ്.
സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് ആനാട് കുടുംബശ്രീ യൂണിറ്റ്. ആനാട് ഗ്രാമപഞ്ചായത്തിന്റെയും പഞ്ചായത്തിലെ കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ആനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസില്‍ 350 അയല്‍ക്കൂട്ടങ്ങളിലായി അയ്യായിരത്തോളം വനിതകളാണ് പ്രവര്‍ത്തിക്കുന്നത്. 350 അയല്‍ക്കൂട്ടങ്ങളില്‍ 282 അയല്‍ക്കൂട്ടങ്ങള്‍ ജനറല്‍ വിഭാഗത്തിലും 27 അയല്‍ക്കൂട്ടങ്ങള്‍ എസ്.സി വിഭാഗത്തിലും 41 അയല്‍ക്കൂട്ടങ്ങള്‍ ന്യൂനപക്ഷ വിഭാഗത്തിലും പ്രവര്‍ത്തിച്ചു വരുന്നു.
കുടുംബശ്രീ ജില്ലാമിഷന് പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും വിലയിരുത്താനും അസ്സിസ്റ്റന്റ് കളക്ടര്‍ ജി. പ്രിയങ്ക ആനാട് ഗ്രാമപഞ്ചായത്തില്‍ എത്തിയിരുന്നു. കുടുംബശ്രീ യൂണിറ്റുകളുടെ കൃഷി സ്ഥലങ്ങള്‍, ഗാര്‍മെന്റ് മേക്കിങ് യൂണിറ്റുകള്‍, ബഡ്സ് സ്കൂള്‍, പകല്‍ വീട്, ആശ്രയ ഗുണഭോക്താക്കളുടെ ഭവനങ്ങള്‍, തൊഴിലുറപ്പു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സബ് കളക്ടര്‍ സന്ദര്‍ശനം നടത്തി. കുടുംബശ്രീ വനിതകളുടെ രക്തദാന കര്‍മസേനാ ഗ്രൂപ്പ് സംസ്ഥാനത്താദ്യമായി പ്രവര്‍ത്തനമാരംഭിച്ചത് ആനാട് ഗ്രാമപഞ്ചായത്തിലാണ്. കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ മൊബൈല്‍ ബ്യൂട്ടി പാര്‍ലറും പ്രവര്‍ത്തിച്ചുവരുന്നു. ആട് ഗ്രാമം, മുട്ടക്കോഴി വളര്‍ത്തല്‍, അടുക്കളത്തോട്ടം, സാന്ത്വനം, കേരളാ ചിക്കന്‍ എന്നീ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് വിവിധ മൈക്രോ സംരംഭക യൂണിറ്റുകളും ഇവിടെ കാര്യക്ഷമമാണ്. കേരളാ ചിക്കന്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് നാല് പൗള്‍ട്രി ഫാമുകള്‍ ആനാട് സി.ഡി.എസില്‍ പ്രവര്‍ത്തിക്കുന്നു. 17 ആട് ഗ്രാമം യൂണിറ്റുകളും ആറ് വനിതാ ഗാര്‍മെന്റ്സ് മേക്കിങ് യൂണിറ്റുകളും മന്നൂര്‍ക്കോണം വാര്‍ഡ് കേന്ദ്രമാക്കി ഒരു സാന്ത്വനം ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
മന്നൂര്‍ക്കോണം വാര്‍ഡിലെ മൂന്ന് കുടുംബശ്രീ വനിതകള്‍ ചേര്‍ന്ന് വാര്‍ഡുകള്‍ തോറും ബി.പി, ഷുഗര്‍,കൊളസ്ട്രോള്‍ എന്നിവ പരിശോധിക്കുന്ന മൊബൈല്‍ ലാബാണ് സാന്ത്വനം. കേരളീയര്‍ക്ക് ഏറെ പ്രിയപ്പെട്ടതും വിദേശീയരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതുമായ നാടന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്ന ഒരു ഗ്രൂപ്പും ആനാട് സി.ഡി.എസ്സിനുകീഴിലുണ്ട്. ചന്ദ്രമംഗലം, ചേല വാര്‍ഡുകളില്‍ പേപ്പര്‍ കാരിബാഗ് നിര്‍മ്മാണ യുണിറ്റും മണ്ഡപം വാര്‍ഡില്‍ തുണി ബാഗ് നിര്‍മ്മാണ യൂണിറ്റും വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.
'പച്ചപ്പ്' പദ്ധതിപ്രകാരം തൊഴിലുറപ്പുമായി ചേര്‍ന്ന് കുടുംബശ്രീ വനിതകള്‍ ജൈവപച്ചക്കറി കൃഷിയും നടത്തുന്നു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്ന് 'വല്ലംനിറ' പദ്ധതിയില്‍ കുടുംബശ്രീ വനിതകള്‍ക്ക് ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ആശയത്തില്‍ പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു. ആനാട് പ്രാഥമികാരോഗ്യ കേന്ദ്രം, ആനാട് പഞ്ചായത്ത് ഇവയുമായി ചേര്‍ന്ന് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുടുംബശ്രീ വനിതകള്‍ക്ക് ആനാട് ഗ്രാമപഞ്ചായത്തില്‍ വച്ച് കമ്പ്യൂട്ടര്‍ സാക്ഷരതാ ക്ലാസ് നടത്തുകയുംഎഴുപതു പേര് പരീക്ഷയെഴുതുകയും ചെയ്തു. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് കമ്പ്യൂട്ടര്‍ സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ദീന് ദയാല്‍ ഗ്രാമീണ കൗശല്യ യോജന പദ്ധതി പ്രകാരം അഭ്യസ്തവിദ്യരായ പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിച്ചു.
മാരകരോഗങ്ങള്ക്കടിമപ്പെട്ടവരും നിരാശ്രയരും നിരാലംബരുമായവരുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 'സ്നേഹനിധി' പദ്ധതി ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ 'കൂത്തമ്പലം' പദ്ധതിയിലുള്‍പ്പെടുത്തി ആനാട് സി.ഡി.എസിലെ കുടുംബശ്രീ വനിതകള്‍ ശിങ്കാരി മേളം പരിശീലനം നേടി വരുന്നു. ബാലസഭയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ നടത്തുന്നു. നാടറിയാന്‍ നാടിനെ അറിയാന്‍, സയന്‍സ് ഫെസ്റ്റ്, ഗ്രീഷ്മോത്സവം,ഗണിതോത്സവം, ആരോഗ്യജാഗ്രത, ഇന്‍സ്പയര്‍ 2018 എന്നീ പരിപാടികളും നടന്നു. 'അരങ്ങ് 2018' കുടുംബശ്രീ വനിതകളുടെ കലോത്സവത്തില്‍ താലൂക്ക് തലത്തില്‍ ഒന്നാം സ്ഥാനം നേടാന്‍ ആനാട് കുടുംബശ്രീ വനിതകള്‍ക്ക് സാധിച്ചു
ജില്ലാ പഞ്ചായത്തിന്റെ 'പാഥേയം' പദ്ധതിയിലുള്‍പ്പെടുത്തി നിരാലംബരും നിരാശ്രയരുമായവര്‍ക്ക് ഉച്ചഭക്ഷണം നല്കി വരുന്നു. കുട്ടികള്‍ സ്കൂളുകളിലും വീടുകളിലും സമീപ പ്രദേശത്തും നേരിടേണ്ടി വരുന്ന വിവിധ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി ബാലപഞ്ചായത്ത് സംവിധാനം നടത്തുന്നു. ഗാര്‍ഹിക പീഡനങ്ങളില്‍ കുട്ടികളും സ്ത്രീകളും നേരിടേണ്ടിവരുന്ന പ്രശ്നങ്ങളില്‍ ഇടപെട്ട് വേണ്ട സംരക്ഷണവും സഹായവും നല്‍കുന്നതിനായി ആനാട് ഗ്രാമപഞ്ചായത്തില്‍ ജെന്റര്‍ വിജിലന്‍സ് ഗ്രൂപ്പ് രൂപീകരിച്ചു. ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളിലായി 190 പേരാണ് ജെന്റര്‍ വിജിലന്‍സ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നത്. അതിക്രമങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് വേണ്ട വൈദ്യസഹായവും നിയമസഹായവും നല്‍കുമെന്ന് ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു. കുടുംബശ്രീ വനിതകള്‍ക്കായി കാന്‍സര്‍ ബോധവത്കരണ പരിപാടിയും ആനാട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ 'മുറ്റത്തെ മുല്ല' പദ്ധതി നെടുമങ്ങാട് ബ്ലോക്കടിസ്ഥാനത്തില്‍ ആദ്യമായി പ്രാവര്‍ത്തികമാക്കിയത് ആനാട് പഞ്ചായത്തിലാണ്. തിരിച്ചിറ്റൂര്‍ വാര്‍ഡിലെ കുടുംബശ്രീപ്രവര്‍ത്തകരുടെ സഹകരണത്തോടെ ചിങ്ങം ഒന്നിന് ആനാട് ഗ്രാമപഞ്ചായത്തില്‍ പുതിയതായി ടീ ഷോപ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി ആനാട് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആര്. ഷീജ അറിയിച്ചു. തികച്ചും നാടന്‍ വിഭവങ്ങള്‍മാത്രം ലഭ്യമാകുന്ന ഈ ഷോപ് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ഗുണപ്രദമാകുമെന്നും അവര്‍ പറഞ്ഞു.
(പി.ആര്.പി. 2020/2018)
- Log in to post comments