Skip to main content

പാറശ്ശാല മണ്ഡലത്തില്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 10.5 കോടി

 

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി പാറശ്ശാല നിയോജകമണ്ഡലത്തിലെ ആറ് പൊതുവിദ്യാലയങ്ങള്‍ക്ക് പുതുജീവന്‍.  പാറശ്ശാല മണ്ഡലത്തിലെ   സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്  10.5 കോടി രൂപ അനുവദിച്ചു.  ജി.എച്ച്.എസ്.എസ്. നെയ്യാര്‍ഡാം, എന്‍.കെ.എം.എച്ച്.എസ്.എസ്.     ധനുവച്ചപുരം, ജി.വി.എച്ച്.എസ്.എസ്. പാറശ്ശാല, ജി.യു.പി.എസ്. വെള്ളറട, എല്‍.പി.ജി.എസ്. പൂഴനാട്, ജി.എല്‍.പി.എസ്. മാരായമുട്ടം എന്നീ സ്‌കൂളുകള്‍ക്ക് തുക ലഭിക്കും.  നടപടിക്രമങ്ങള്‍  പൂര്‍ത്തിയാക്കി അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു.

നെയ്യാര്‍ഡാം ജി.എച്ച്.എസ്.എസ്. സ്‌കൂളിനെ മോഡല്‍ സ്‌കൂളായി ഉയര്‍ത്തും. ഇതിനായി 4.77 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മൂന്നു കോടി രൂപ കിഫ്ബി വഴിയും ബാക്കി തുക എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭ്യമാകും. നിലവിലുള്ള ഓപണ്‍ ഓഡിറ്റോറിയം നവീകരിച്ച് മള്‍ട്ടി പര്‍പ്പസ് കെട്ടിടം നിര്‍മ്മിക്കും. മുഴുവന്‍ ക്ലാസ്സ് മുറികളും ഡിജിറ്റല്‍ ആകും. ഇതോടൊപ്പം പുതിയ കെട്ടിടവും, ലാബുകളും നിര്‍മ്മിക്കും.

അടിസ്ഥാന സൗകര്യ വികസനത്തിന് പൂഴനാട് എല്‍.പി.ജി.എസ്. സ്‌കൂളിന് ഒരു കോടി രൂപ അനുവദിച്ചു.  പുനര്‍നിര്‍മാണത്തിനൊപ്പം പുതിയ കമ്പ്യൂട്ടര്‍ ലാബും സ്‌കൂളിന് ലഭിക്കും.വെള്ളറട ജി.യു.പി.എസ്, മാരായമുട്ടം ജി.എല്‍.പി.എസ്. എന്നീ സ്‌കൂളുകള്‍ക്കും ഒരു കോടി രൂപ ലഭിക്കും.  പാറശ്ശാല ജി.വി.എച്ച്.എസ്.എസിന്  2.23 കോടി രൂപയും ധനുവച്ചപുരം   എന്‍.കെ.എം.എച്ച്.എസ്.എസിന് 50 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.

 മണ്ഡലത്തിലെ ഒരു സ്‌കൂളിനെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഒറ്റശേഖരമംഗലം ജി.എല്‍.പി.എസ് സ്‌കൂളിന് മൂന്ന് കോടി രൂപയും മാരായമുട്ടം ഗവ.ഹയര്‍ സെക്കഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 5.58 രൂപയും നേരത്തെ അനുവദിച്ചിരുന്നു.

പാറശ്ശാല മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ സമന്വയം പദ്ധതിയായ സൂര്യകാന്തിയില്‍ ഉള്‍പ്പെടുത്തി അടുത്ത അധ്യയന വര്‍ഷത്തിന് മുന്‍പ് എല്ലാ സ്‌കൂളുകളേയും ഹൈടെക്കാക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.  വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിലൂടെ മാത്രമേ മികച്ച ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും അതിനുവേണ്ട എല്ലാ വികസന പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ നടപ്പിലാക്കുമെന്നും എം.എല്‍.എ അറിയിച്ചു.
(പി.ആര്‍.പി. 2022/2018)

date