Skip to main content

ഭിന്നശേഷിക്കാർക്കായി സംസ്ഥാനം മാതൃകാപരമായ പദ്ധതികൾ നടപ്പാക്കി വരുന്നതായി മുഖ്യമന്ത്രി

 

ഭിന്നശേഷി സൗഹൃദം  ലക്ഷ്യമിട്ട് വിവിധ മാതൃകാപരമായ പദ്ധതികൾ സംസ്ഥാനത്ത് ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 'കെട്ടിടങ്ങൾ ബാരിയർ ഫ്രീ ആക്കുന്ന പദ്ധതി ഭിന്നശേഷി സൗഹൃദ നടപടിയിൽ ഏറ്റവും പ്രധാനമാണ്. നമ്മുടെ പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്,' ഭിന്നശേഷി കുട്ടികളുടെ പ്രഥമ ദേശീയ കലോത്സവമായ 'സമ്മോഹൻതിരുവനന്തപുരം കഴക്കൂട്ടത്തെ ഡിഫറന്റ് ആർട്ട് സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്ത് ആദ്യമായി നടക്കുന്ന ഭിന്നശേഷി കുട്ടികളുടെ കലോത്സവത്തിന് എന്തുകൊണ്ടും വേദിയാകേണ്ടത് ഡിഫറന്റ് ആർട്ട് സെന്റർ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്കായുള്ള സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങൾക്കൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് സെന്റർ. രണ്ടു ദിവസത്തെ മേള കലാപരിപാടികളിൽ ഒതുങ്ങാതെ ഭിന്നശേഷിക്കാർക്കുള്ള പദ്ധതികളെകുറിച്ചുള്ള ക്ലാസുകൾസെമിനാർപ്രദർശനം എന്നിവ കൂടി ഉൾപ്പെടുത്തിയത് ശ്രദ്ധേയമാണ്.

ഭിന്നശേഷിക്കാരെ മുഖ്യധാരയുടെ ഭാഗമാക്കാൻ നടത്തുന്ന സമഗ്ര പ്രവർത്തനങ്ങൾക്ക് ഇത്തരം മേളകൾ ആക്കം കൂട്ടുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഞ്ച് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1000 ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.

ഉദ്ഘാടന ചടങ്ങിൽ പ്രാർത്ഥനാഗാനം ചൊല്ലിയ ഭിന്നശേഷി കലാകാരിയും തമിഴ്‌നാട് സ്വദേശിയുമായ ജ്യോതികലയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. സമ്മോഹൻ പോലുള്ള വേദികൾ ഭിന്നശേഷി കുട്ടികൾക്ക് ആത്മപ്രകാശനത്തിനുള്ള വഴിയൊരുക്കുന്നതാണെന്നും ആത്മപ്രകാശനം കുട്ടികളിൽ ആനന്ദവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എകേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി കെ.ആർ വൈദീശ്വരൻസംഘാടകസമിതി ചെയർമാൻ ജിജി തോംസൺഡിഫറൻറ് ആർട്ട് സെൻറർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തിന് മുമ്പ്  ഭിന്നശേഷി കലാകാരൻമാർ അവതരിപ്പിച്ച ഉജ്ജ്വല വീൽചെയർ ഡാൻസ് ചടങ്ങിന് മിഴിവേകി.

പി.എൻ.എക്സ്. 1009/2023

date