Skip to main content

കാസര്‍കോട് ജില്ലയില്‍ എയ്ഡ്‌സ് ദിനം വിപുലമായി ആചരിക്കും

ഃ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ 

    ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിനം ജില്ലയില്‍ വിവിധ പരിപാടികളോടെ ആചരിക്കും. എഡിഎം:എന്‍.ദേവീദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എയ്ഡ്‌സ് എന്ന മഹാവിപത്തിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അവബോധമുണ്ടാക്കുന്നതിന് പ്രദര്‍ശനങ്ങള്‍, വിദ്യാര്‍ഥികള്‍ക്കായി സ്‌കിറ്റ് മത്സരങ്ങള്‍, ഫ്‌ളാഷ് മോബ്, നാടന്‍കലാരൂപങ്ങള്‍, എകാംഗ നാടകം, മെഴുകുതിരി തെളിക്കല്‍, റെഡ്‌റിബണ്‍ പതിച്ച ബലൂണ്‍ പറത്തല്‍ തുടങ്ങിയവയുള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിന് രാവിലെ ഒന്‍പതിന് കാഞ്ഞങ്ങാട് വിലുപമായ റാലിയും ജില്ലാതല  സമ്മേളനവും നടക്കും.
    'എന്റെ ആരോഗ്യം എന്റെ അവകാശം' എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ്ദിന സന്ദേശം. എയ്ഡ്‌സ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ ഈ മാസം 28 മുതല്‍ ഡിസംബര്‍ എട്ടുവരെ ജില്ലയിലെ 30 കേന്ദ്രങ്ങളില്‍ നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കും.  29ന് കാഞ്ഞങ്ങാട് നഴ്‌സിംഗ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി സ്‌കിറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കും. എയ്ഡ്‌സിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തിന് സന്ദേശം പകരുന്നതരത്തിലുള്ളതാകും സ്‌കിറ്റ്. മികച്ച സ്‌കിറ്റ് അവതരിപ്പിക്കുന്നവര്‍ക്ക് കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കും. ജില്ലയില്‍ രണ്ടു കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ് ഉണ്ടാകും.
     30നും ഡിസംബര്‍ ഒന്നിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എക്‌സിബിഷന്‍ നടത്തും. എയ്ഡ്‌സിനെക്കുറിച്ചും അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും ഈ രോഗാവസ്ഥ വരാതിരിക്കുന്നതിനുള്ള  മുന്‍കരുതലുകളെക്കുറിച്ചും അവബോധം നല്‍കുന്ന തരത്തിലുള്ള ചിത്രപ്രദര്‍ശനങ്ങള്‍ ഇവിടെ സംഘടിപ്പിക്കും. ലഘുലേഖകളും വിതരണം ചെയ്യും. 30ന് വൈകിട്ട് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ മെഴുകുതിരികള്‍ കത്തിച്ചും റെഡ് റിബണ്‍ ഹൈഡ്രജന്‍ ബലൂണുകള്‍ പറത്തിയും എയ്ഡ്‌സിനെതിരെ ജനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കും. എകാംഗ നാടകവുമുണ്ടാകും.  
    ഡിസംബര്‍ ഒന്നിന് കാഞ്ഞങ്ങാട് ആണ് ജില്ലാതല സമ്മേളനം. രാവിലെ ഒന്‍പതിന് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍, സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍, നെഹ്‌റുയുവ കേന്ദ്ര ക്ലബുകള്‍, കുടുംബശ്രീ, അംഗനവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി എയ്ഡ്‌സ്ദിന സന്ദേശം ഉയര്‍ത്തിപ്പിച്ച് വര്‍ണാഭമായ റാലി നടത്തും. 10 മണിക്കാണ്  സമ്മേളനം നടക്കുന്നത്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. സമാപനദിന റാലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കും കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 94470 18977, 94958 82248 

 

date